ലക്‌നോ: യു.പിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ കര്‍ഷക ആത്മഹത്യയില്‍ യോഗി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. സര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. കര്‍ഷക വായ്പ എഴുതി തള്ളുന്നതോ മറ്റ് കാര്യങ്ങളോ കാര്യക്ഷമമായി നടക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ബുന്ദേല്‍ഖണ്ഡിലെ ബാന്ദയില്‍ അഞ്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രിയങ്ക രോഷപ്രകടനം നടത്തിയത്. കര്‍ഷകര്‍ക്ക് നല്ല വിളവാണ് ലഭിക്കുന്നത്. എന്നാല്‍ അതിന്റെ വില ലഭിക്കുന്നില്ല. നഷ്ടമാണ് പലപ്പോഴും കൃഷി അവര്‍ക്കുണ്ടാക്കുന്നത്. പലപ്പോഴും കൃഷി നശിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല. വിളനാശം ഭയന്നാണ് മേഖലയിലെ കര്‍ഷകര്‍ നിത്യേന ജീവിക്കുന്നത്. എന്തു തരം കര്‍ഷക നയമാണ് സര്‍ക്കാരിനുള്ളത്. കാര്‍ഷിക വായ്പ എഴുതി തള്ളുന്നതില്‍ എന്താണ് ഉള്ളത്. സര്‍ക്കാരിന്റെ ഓരോ നയങ്ങളും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പൊതുജനമധ്യത്തിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാന പര്യടനത്തിന് പ്രിയങ്ക ഒരുങ്ങുന്നതായാണ് വിവരം. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയെല്ലാം കാണാനാണ് ഇപ്പോഴത്തെ തീരുമാനം. ബിജെപിയെ പ്രാദേശിക തലത്തിലേക്ക് ഇറങ്ങി നേരിടാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. അതേസമയം ആദിത്യനാഥിനെതിരെ കര്‍ഷകരെ അണിനിരത്തി പ്രതിഷേധം ശക്തമാക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. യുപി നിയമസഭയില്‍ 203 സീറ്റ് നേടി അധികാരത്തിലെത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ കിഴക്കന്‍ യുപിയില്‍ പര്യടനം നടത്താനാണ് പ്രിയങ്കയുടെ തീരുമാനം. ജോതിരാദിത്യ സിന്ധ്യയെ കൂട്ടി സംസ്ഥാനമാകെ മറ്റൊരു യാത്രയും പ്രിയങ്ക ലക്ഷ്യമിടുന്നുണ്ട്.