india

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നല്‍കിയില്ല; പൊട്ടി കരഞ്ഞ് ബിജെപി എംഎൽഎ

By webdesk13

September 06, 2024

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പൊട്ടി കരഞ്ഞ് ബിജെപി എംഎല്‍എ. തോഷം മണ്ഡലത്തില്‍നിന്നുള്ള ഷഷി രഞ്ജന്‍ പാര്‍മര്‍ ആണ് ഒരു അഭിമുഖത്തിനിടെ വികാരാധീനനായത്. ബിജെപി ബുധനാഴ്ച പുറത്തുവിട്ട 67 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയില്‍ പാര്‍മറിന്റെ പേര് ഉണ്ടായിരുന്നില്ല.

സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയതിനെ കുറിച്ച് അഭിമുഖം നടത്തുന്നയാള്‍ ചോദിച്ചതോടെ പാര്‍മര്‍ പൊട്ടിക്കരഞ്ഞു. തന്റെ പേര് ഉണ്ടാകുമെന്നാണ് കരുതിയത് എന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം കരയാന്‍ തുടങ്ങിയത്. താങ്കളുടെ മൂല്യം പാര്‍ട്ടി മനസ്സിലാക്കുമെന്ന് ഉള്‍പ്പടെ പറഞ്ഞ് അഭിമുഖം നടത്തുന്ന വ്യക്തി പാര്‍മറെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

‘എന്നെ പരിഗണിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു. ഇനി എന്ത് ചെയ്യും. ഞാന്‍ നിസ്സഹായനാണ്. എന്താണ് സംഭവിക്കുന്നത്. എന്നോട് പെരുമാറിയ രീതിയില്‍ വലിയ വേദനയുണ്ട്’ കരഞ്ഞുകൊണ്ട് പാര്‍മര്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഹരിയാനയിലെ മറ്റൊരു ബിജെപി എംഎല്‍എ കഴിഞ്ഞദിവസം പാര്‍ട്ടി വിട്ടിരുന്നു. റതിയാ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ആയ ലക്ഷ്മണ്‍ ദാസ് നാപയാണ് ബിജെപിയില്‍നിന്ന് രാജിവെച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.