മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ കുറിച്ച് മാധ്യമങ്ങളോട് മറുപടി പറയാതെ മന്ത്രി കെടി ജലീല്‍. ഒന്നും പറയാനില്ലെന്നും പറയാനുള്ളത് ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ മാത്രമേ പ്രതികരിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാര്‍ഷ്ട്യമാണ് മന്ത്രി ജലീലും കാണിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. മോദിയുടേതിനു സമാനമായി സോഷ്യല്‍ മീഡിയയിലൂടെ മാത്രമേ പ്രതികരിക്കൂ എന്നാണ് ജലീലും വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കാത്ത മോദിയുടെ രീതി ജലീലും പിന്തുടരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

മാധ്യമങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ സമീപനം തന്നെയാണ് ജലീലിലൂടെ ഒരുവട്ടം കൂടി വ്യക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതുപോലെ പലവട്ടം മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരിയും മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റിനു പിന്നാലെ കസ്റ്റംസും എന്‍ഐഎയും ജലീലിനെ ചോദ്യം ചെയ്യാനിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ജലീല്‍ നല്‍കിയ ഉത്തരങ്ങളില്‍ വ്യക്തതക്കുറവുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജലീലിന്റെ സുഹൃത്തായ അരൂര്‍ സ്വദേശി പികെ അനസിനെ കുറിച്ചും എന്‍ഫോഴ്‌സ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.

അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ ജലീല്‍ എറണാകുളത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ടു. തിരുവനന്തപുരത്തേക്കെന്നാണ് വിവരം. റോഡ് മാര്‍ഗമാണ് യാത്ര. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യാത്ര. വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഇതുവരെ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.

മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ട ഉടന്‍ മന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി വീശി. മന്ത്രി വഴിയില്‍ കുറിപ്പുറം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സൈറ്റ് സന്ദര്‍ശിച്ചു. യാത്ര തുടര്‍ന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവിടെ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.