കൊല്‍ക്കത്ത: ജനാധിപത്യം അപകടത്തിലാണെനും 2019 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമാണെന്നും നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ബിജെപി വിരുദ്ധ ചേരിക്കൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷ കക്ഷികള്‍ മടിക്കരുതെന്നും സെന്‍ ആവശ്യപ്പെട്ടു.

ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയത വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അതിനെതിരെ പോരാടേണ്ട സമയമാണിത്. അതില്‍ നിന്നും മാറിനില്‍ക്കരുത്. സ്വേച്ഛാധിപത്യത്തിനെതിരായ എതിര്‍പ്പ് നാം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

2014 ലില്‍ എന്താണ് സംഭവിച്ചത്? ഒരു പാര്‍ട്ടിക്ക് 55 ശതമാനം സീറ്റുകള്‍ കിട്ടി. യഥാര്‍ഥത്തില്‍ അവര്‍ക്ക് ലഭിച്ചത് 31 ശതമാനം വോട്ട് മാത്രമാണ്.
കേവലം 31 ശതമാനം മാത്രം വോട്ട് നേടിയാണ് ബി.ജെ.പി ഭരിക്കുന്നതെന്നും അദ്ദേഹം ഉണര്‍ത്തി.