ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പിലാക്കിയ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി പറഞ്ഞു. ഈ വിഷയത്തില്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

നിയന്ത്രണത്തിന് പകരം നിരോധനം എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. നോട്ട് നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമായിരുന്നു വേണ്ടിയിരുന്നത്. എപ്പോഴാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം എടുത്തതെന്നും, ഇക്കാര്യം രഹസ്യമായിരുന്നോയെന്നും കോടതി ചോദിച്ചു. എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതിന് 24000 രൂപ എന്ന നിയന്ത്രണം വെച്ചത്. ഒരു വ്യക്തിക്ക് ഇത്രയും തുക മതിയാകുമോയെന്നും കോടതി ചോദിച്ചു.

ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശമുള്ള പണം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിക്ഷേപകര്‍ക്ക് നിശ്ചയിച്ച പണമെങ്കിലും നല്‍കാന്‍ സര്‍ക്കാരിനാകണം. നിക്ഷേപം വ്യവസ്ഥാടിസ്ഥാനത്തില്‍ സ്വീകരിക്കുന്നത് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.