തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ക്യാമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി. മുരളീധരനെ വിമര്‍ശിച്ച് എഴുത്തുകാരനും നിരൂപകനുമായ എന്‍എസ് മാധവന്‍ ജവഹര്‍ലാല്‍ നെഹ്‌റു വള്ളം കളിക്കാരനായതുകൊണ്ടാണോ കായിക വിനോദത്തിന് അദ്ദേഹത്തിന്റെ പേര് കൊടുത്തത് എന്നായിരുന്നു മുരളീധരന്റെ ചോദ്യം. വാജ്പേയിയ്ക്ക് തുരങ്കംപണി അറിയുമോ എന്നായിരുന്നു എന്‍എസ് മാധവന്റെ മറുചോദ്യം.

”നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാല്‍ വാജ്പയിയ്ക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും” എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വി. മുരളീധരന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. വിവരക്കേട് പറയരുത്, അറിയില്ലെങ്കില്‍ ചരിത്രം പഠിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല മുരളീധരനെ ഓര്‍മ്മിപ്പിച്ചു.

അതേസമയം ഗോള്‍വാള്‍ക്കറെ ഒളിച്ചുകടത്താനുള്ള തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ സംഘപരിവാറിന് വിനയായി. കേരളം ഒറ്റക്കെട്ടായി ഈ നീക്കത്തിനെതിരെ രംഗത്ത് വന്നതോടെ സര്‍ക്കാറും ബിജെപി നേതൃത്വവും പ്രതിരോധത്തിലായി. കടുത്ത വര്‍ഗീയവാദിയായിരുന്ന ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥമുഖം വെളിപ്പെട്ടതോടെ അതിനെ പ്രതിരോധിക്കേണ്ട ബാധ്യതയിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.