ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ പ്രസ്താവന വിവാദമായി. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി രാജ്യത്തിന്റെ പരമാധികാരത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നായിരുന്നു ഡോവലിന്റെ പ്രസ്താവന. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഡോവലിന്റെ പ്രസ്താവന.

‘പരമാധികാര രാഷ്ട്രം സൃഷ്ടിക്കുകയെന്നാല്‍ പരമാധികാരമുള്ള ജനതയെ സൃഷ്ടിക്കുകയെന്നതാണ്. അതിനടിസ്ഥാനമായ ഭരണഘടന എല്ലായിടത്തേക്കുമുള്ളതാണ്. പക്ഷേ, ജമ്മു കശ്മീരിനെ സംബന്ധിച്ചടത്തോളം എവിടെയാണ് ഭരണഘടന? മുറിഞ്ഞ അവസ്ഥയിലാണ്. മറ്റൊരു ഭരണഘടനയാണ് ജമ്മു കശ്മീരില്‍. ഇത് പരമാധികാരത്തില്‍ നിന്നുള്ള വ്യതിചലനമാണ്’-ഡോവല്‍ പറഞ്ഞു.

അതേസമയം ഡോവലിന്റെ പ്രസ്താവനക്കെതിരെ കശ്മീര്‍ നേതാക്കള്‍ രംഗത്തെത്തി. ഡോവലിന്റെ പ്രസ്താവന കേന്ദ്രം പരിശോധിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുസ്തഫ കമാല്‍ പറഞ്ഞു. ഡോവലിന്റെ പരാമര്‍ശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെങ്കില്‍ അദ്ദേഹം ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം സംസാരിക്കുകയാണെന്ന് കരുതേണ്ടി വരുമെന്നും മുസ്തഫ പറഞ്ഞു.

പി.ഡി.പി നേതാവ് അഹമ്മദ് മിറും ഡോവലിനെതിരെ രംഗത്തെത്തി. ഡോവലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ കശ്മീരിലെ പൊതുജനങ്ങളുടെ മനഃസ്ഥിതിയില്‍ മാറ്റം വരുത്താന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.