തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെ അനുകൂലിച്ച ഒ രാജഗോപാല്‍ എംഎല്‍എക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തെറിവിളി. ഒ രാജഗോപാലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എത്തിയാണ് പ്രവര്‍ത്തകരുടെ തെറിവിളി. രാജിവെക്കാന്‍ ആവശ്യപ്പെടുന്നതിനോടൊപ്പം ഒ രാജഗോപാലിനെ വ്യക്തിഹത്യ നടത്തുന്ന കമന്റുകളും ഇതില്‍ ഉണ്ട്.

പൊതുവികാരം നിയമത്തിനെതിരാണെന്നായിരുന്നു പ്രമേയത്തെ അനുകൂലിക്കുന്നതിന് കാരണമായി രാജഗോപാല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഒ രാജഗോപാലിന്റെ പ്രസ്താവന കേട്ടിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം മറുപടി പറയാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്നാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പൊതുമനസാക്ഷി കാര്‍ഷിക നിയമത്തിന് എതിരായതുകൊണ്ടാണ് പ്രമേയത്തെ സഭയില്‍ എതിര്‍ക്കാതിരുന്നതെന്നും വിയോജിപ്പുകള്‍ സഭയില്‍ അറിയിച്ചിട്ടുണ്ടെന്നുമാണ് രാജഗോപാല്‍ പറഞ്ഞത്. സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെയുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഒ. രാജഗോപാലിന്റെ പ്രതികരണം. ഒ രാജഗോപാലിന്റെ പ്രസ്താവന ഇതിനോടകം തന്നെ ബിജെപിയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.