തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 10 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് നല്‍കും. മന്ത്യബന്ധന വകുപ്പില്‍നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുമായി 5 ലക്ഷം രൂപവീതം നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ ആശ്രിതരില്‍ മാതാപിതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടാകും. ഇതിനാല്‍ 20 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപ മരിച്ചവരുടെ മാതാപിതാക്കള്‍ക്ക് നല്‍കും. മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അവിവാഹിതരായ സഹോദരിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വിവാഹ ആവശ്യത്തിനായി 5 ലക്ഷം രൂപ നല്‍കും. കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ തുക ധനസഹായമായി നല്‍കുന്ന 20 ലക്ഷം രൂപയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹായം നല്‍കുന്നതിനുവേണ്ടി മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കും. ജോലി പെട്ടെന്ന് എടുക്കാന്‍ കഴിയാതെ പരിക്ക് പറ്റിയവര്‍ക്ക് അഞ്ചു ലക്ഷം രൂപ സഹായം നല്‍കും. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Be the first to write a comment.