ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഓംപ്രകാശ് റാവത്ത് ചുമതലയേല്‍ക്കും. നിലവിലെ സി.ഇ.സി അചല്‍ കുമാര്‍ ജ്യോതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ ഓം പ്രകാശ് റാവത്ത് ഈ പദവിയില്‍ എത്തുന്നത്.

2015 ആഗസ്റ്റിലാണ് ഓംപ്രകാശ് റാവത്ത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. ഇതിനു മുമ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ യു.എന്‍ തെരഞ്ഞെടുപ്പ് നീരീക്ഷകനായും സേവനം ചെയ്തു.

ഓംപ്രകാശിന് സ്ഥാനക്കയറ്റം ലഭിക്കുന്നതിനെതുടര്‍ന്ന് ഒഴിവുവരുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവിയില്‍ മുന്‍ ധനകാര്യ വകുപ്പ് സെക്രട്ടറി അശോക് ലവാസയെ നിയമിച്ചതായും നിയമ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.