kerala

ഓമനപ്പുഴ കൊലപാതകം: ജോസ്മോന്‍ മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്

By Lubna Sherin K P

July 03, 2025

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്‌മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. മകള്‍ അബോധാവസ്ഥയില്‍ ആയതോടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞത്. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു.

വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുക്കുകയായിരുന്നു. പിറ്റേ ദിവസം വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ആത്മഹത്യയെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍ക്ക് തോന്നിയ സംശയത്തിന്റെ പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന്‍ പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ജോസ്മോന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തി.

ഭര്‍ത്താവുമായി വഴക്കിട്ട് മകള്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത്് ജോസ് ചോദ്യം ചെയ്തിരുന്നു.