കോഴിക്കോട്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് രമേശ് ചെന്നിത്തല അര്‍ഹനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയാകാനും സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘പാര്‍ട്ടി എനിക്ക് തന്ന അംഗീകാരവും ജനങ്ങള്‍ തന്ന സ്‌നേഹവും അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലാണ്. ഞാന്‍ പൂര്‍ണസംതൃപ്തനാണ്’ എന്നായിരുന്നു മറുപടി.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നല്ലനിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അക്കാര്യത്തില്‍ അദ്ദേഹം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകാനും ഏറെ അര്‍ഹനാണ്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2016ലെ നിയമസ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിയുമാണ്.