ഫോണ്‍കെണി വിവാദത്തില്‍ ആരോപണവിധേയനായ എന്‍സിപി നേതാവ് എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് കേരള ജനതയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന സദാചാരണത്തിന് എതിരാണെന്നും ഇതിന് എങ്ങനെ ജനങ്ങളോട് മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു. ആരോപണവിധേയനായ ശശീന്ദ്രന്‍ പോലും കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞിട്ടില്ല. രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ പരസ്യമായപ്പോഴാണ് ശശീന്ദ്രന് രാജിവെക്കേണ്ടി വന്നത്. ഫോണ്‍ കെണി വിവാദത്തില്‍ ചാനല്‍ അടച്ചു പൂട്ടണമെന്ന് പറയുമ്പോള്‍ കുറ്റം ചെയ്ത മന്ത്രി മാത്രം എങ്ങനെ കുറ്റവിമുക്തനാകുമെന്നും ചെന്നിത്തല ചോദിച്ചു. ശശീന്ദ്രന്‍ വിവാദവുമായി നബ്ധപ്പെട്ട് മാധ്യമങ്ങലെ അടിച്ചമര്‍ത്താനുള്ള നീക്കത്തോട് യോജിപ്പില്ലെന്നും അതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.