ബെയ്‌റൂത്ത്: ആശങ്കകളും അഭ്യൂഹങ്ങളും നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ ലബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി സ്വന്തം രാജ്യത്ത് തിരിച്ചെത്തി. രാജ്യം 74-ാം സ്വാതന്ത്ര്യമാഘോഷിക്കുന്നതിനിടെയാണ് ദിവസങ്ങള്‍ക്കു മുമ്പ് ‘രാജിവെച്ച്’ പോയ ഹരീരി തിരിച്ചെത്തിയത്. പ്രസിഡണ്ട് മൈക്കല്‍ ഔനിന് രാജിക്കത്ത് നല്‍കിയപ്പോള്‍ അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഹരീരി പറഞ്ഞു. രാജി പിന്‍വലിച്ച് അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ തുടരുമെന്നാണ് സൂചന.

ഹിസ്ബുല്ലയെ കൂടി പങ്കാളികളാക്കി ഹരീരി രൂപീകരിച്ച ഗവണ്‍മെന്റിനെ മറിച്ചിടാന്‍ ചില വിദേശ ശക്തികള്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഹരീരിയെ രാജിവെപ്പിച്ച് ഗവണ്‍മെന്റിനെ താഴെയിറക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം എന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യമന്‍ അടക്കമുള്ള അറബ് രാജ്യങ്ങളിലേക്ക് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആയുധങ്ങള്‍ അയക്കുന്നുണ്ടെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഹിസ്ബ് ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. അയല്‍ രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ലെബനീസ് നയം പാലിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ ഹിസ്ബുല്ലയോടൊപ്പം ഭരണം തുടരാമെന്ന് ഹരീരി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

മൂന്നാഴ്ച മുമ്പ് ലെബനാനില്‍ നിന്ന് ഭാര്യക്കും ഒരു കുട്ടിക്കുമൊപ്പം സൗദിയിലെ റിയാദിലെത്തിയ ഹരീരി ശനിയാഴ്ച അവിടെ നിന്ന് ഫ്രാന്‍സിലേക്ക് പോയിരുന്നു. നവംബര്‍ നാലിന് റിയാദില്‍ ടെലിവിഷനിലൂടെ തന്റെ രാജി പ്രഖ്യാപിച്ച അദ്ദേഹം നാട്ടില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആരോപിച്ചു. ചൊവ്വാഴ്ച ഫ്രാന്‍സില്‍ നിന്ന് മടങ്ങിയ അദ്ദേഹം ഈജിപ്തിലും സൈപ്രസിലും തങ്ങിയ ശേഷമാണ് ഇന്നലെ ലെബനാനിലെത്തിയത്.

സഅദ് ഹരീരിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ റഫീഖ് ഹരീരി 2005-ല്‍ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.