കോഴിക്കോട്: പണം ചോദിച്ചുവന്നയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപൊയിലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന കോടഞ്ചേരി കുപ്പായക്കോട് സ്വദേശി സജി കുരുവിള(52)യാണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ ഉച്ചയ്ത്ത് 2.30ഓടെയാണ് സ്ഥാപന ഉടമക്കെതിരെ യുവാവിന്റെ അക്രമമുണ്ടായത്. ദേശീയ പാതയോരത്ത് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സംഭവം നടന്നത്. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് സ്ഥാപനത്തിലെത്തിയ യുവാവിനെ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് മടക്കിവിട്ടതാണ് അക്രമത്തിന് കാരണം.

മടങ്ങി പോയ യുവാവ് പിന്നീട് പെട്രോളുമായി വീണ്ടും സ്ഥാപനത്തിലെത്തി സജിയുടെ കണ്ണില്‍ മുളക് പൊടി വിതറി ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുരുവിള മാത്രമായിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാരാണ് ആസ്പത്രിയില്‍ എത്തിച്ചത്.

95 ശതമാനം പൊള്ളലേറ്റ സജിയെ ആദ്യം താമരശ്ശേരിയിലെ ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.