kerala

പി ജയരാജന് സീറ്റില്ല, സിപിഎമ്മില്‍ പൊട്ടിത്തെറി; രാജി

By Test User

March 06, 2021

കണ്ണൂര്‍: പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് സ്ഥാനം രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുന്നുമുണ്ട്.

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ‘പിണറായിയോട് മുട്ടാന്‍ മാത്രം ഒരു ജയരാജനും ഇവിടെ വളര്‍ന്നിട്ടില്ല. പറയുന്നതും കേട്ട് ഓച്ഛാനിച്ചു നിന്നാല്‍ എന്തെങ്കിലുമൊക്കെ തരണോ വേണ്ടയോ എന്ന് ആലോചിക്കാം’. എന്ന് പിണറായിയുടെ രോഷാകുലമായ ചിത്രം സഹിതം ഒരാള്‍ പരിഹസിക്കുന്നു. ‘പാര്‍ട്ടിയില്‍ നിന്നു പിന്നില്‍ നിന്ന് കുത്തുന്നവര്‍ കരുതി ഇരിക്കുക, എത്ര വലിയ നേതാവാണെങ്കിലും’ എന്ന് മറ്റൊരാള്‍ കുറിച്ചു.