ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ഒരുങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. നുഴഞ്ഞു കയറ്റം തടയുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണ ത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. സർജിക്കൽ ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം തള്ളിയ പാകിസ്താൻ ഈ വിഷയത്തിൽ പാളിച്ച സംയമനം അന്തർദേശീയ രംഗങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.
എന്നാൽ പാകിസ്താന്റെ മൗനം വെറുതെയല്ലെന്നും ഭീകരാക്രമണത്തിലൂടെ തിരിച്ചടിക്കാനാണ് ഒരുങ്ങുന്നതെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു മെയിൽ ടുഡേ റിപ്പോർട്ട് ചെയ്തു. സൈനികമായി ഇന്ത്യയെ നേരിടുന്നതിന് അമേരിക്ക അടക്കമുള്ള സഖ്യ കക്ഷികളിൽ നിന്ന് പിന്തുണ ലഭിക്കാത്തതാണ് ഒളിഞ്ഞുള്ള ആക്രമണത്തിന് ഒരുങ്ങാൻ പാകിസ്താനെ പ്രേരിപ്പിക്കുന്നത്. ഇപ്പോഴുള്ള യുദ്ധാന്തരീക്ഷം മാറിയാൽ ആക്രമണം നടത്താനാണ് പദ്ധതി. എന്നാൽ ഇത്തരം ശ്രമങ്ങൾ പരാജയപ്പെടുത്താൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.