അമൃത്‌സര്‍: കറാച്ചി ജയിലില്‍ തടവിലായിരുന്ന ഒരു ബിഹാര്‍ സ്വദേശിയെയും 77 മത്സ്യ തൊഴിലാളികളെയും പാകിസ്താന്‍ വിട്ടയച്ചു. വാഗാ അതിര്‍ത്തില്‍ വെച്ചാണ് പാക് സൈന്യം ഇവരെ അതിര്‍ത്തി സംരക്ഷണ സേനക്ക് കൈമാറിയത്.
2016 മെയിലാണ് അറബിക്കടലിന്റെ ഭാഗമായ പാക് അധീന പ്രദേശത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് പ്രവേശിച്ചെന്നാരോപിച്ച് പാക് തീരസംരക്ഷണസേന ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ തടവിലാക്കിയത്. ജയില്‍മോചിതരായി തിരികെയെത്തിയവര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്താനായി ഡോക്ടര്‍മാരുടെ ഒരു സംഘത്തെയും വാഗാ അതിര്‍ത്തിയില്‍ നിയോഗിച്ചിരുന്നു. മത്സ്യതൊഴിലാളികളുടെ മടങ്ങിവരവ് വികാരപരമായിരുന്നു. വാഗാ അതിര്‍ത്തി കടന്ന ഇവരില്‍ പലരും പൊട്ടിക്കരയുകയും ഇന്ത്യന്‍ മണ്ണില്‍ മുത്തമിടുകയും ചെയ്തു. പാകിസ്താന്റെ കയ്യിലകപ്പെട്ട തങ്ങളുടെ മത്സ്യബന്ധന ബോട്ടുകളെക്കുറിച്ച് തൊഴിലാളികള്‍ ആശങ്ക പ്രകടിപ്പിച്ചു. വലിപ്പമനുസരിച്ച് മൂന്നുലക്ഷം മുതല്‍ പത്തുലക്ഷം വരെയാണ് ബോട്ടുകളുടെ വില. പാക് പിടിയിലകപ്പെടും മുന്‍പ് പലരും കടബാധിതരായിരുന്നു. ഇപ്പോള്‍ ഉപജീവനമാര്‍ഗ്ഗവും നഷ്ടമായതിന്റെ നിരാശയിലാണ് പലരും.