കാര്‍ഡീഫ്: തട്ടിയും മുട്ടിയും തുടങ്ങിയ പാകിസ്താന്‍ ഒടുവില്‍ തകര്‍പ്പന്‍ ജയത്തോടെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 212 റണ്‍സിന്റെ വിജയ ലക്ഷ്യം 12.5 ഓവറുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ആദ്യമായാണ് ഫൈനലിലെത്തുന്നത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഓപണര്‍മാര്‍ താളം കണ്ടെത്തിയതോടെ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമായി. ഓപണര്‍മാരായ അസ്ഹര്‍ അലി 100 പന്തുകളില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 76 റണ്‍സെടുത്തപ്പോള്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഫഖര്‍ സമാന്‍ 58 പന്തുകളില്‍ ഒരു സിക്‌സറും ഏഴ് ബൗണ്ടറികളുമടക്കം 57 റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ ബാബര്‍ അസം രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 38 റണ്‍സുമായും മുഹമ്മദ് ഹാഫിസ് 21 പന്തില്‍ രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 31 റണ്‍സുമായും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി റഷീദും ജേക് ബാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എട്ടാം റാങ്കുമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനു പിന്നില്‍ ഇടം തേടിയ പാകിസ്താന്‍ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല ഇത്തരമൊരു നേട്ടം. 1992ലെ ബെന്‍സന്‍ ആന്റ് ഹെഡ്ജസ് ലോകകപ്പില്‍ ഇമ്രാന്റെ സംഘത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സര്‍ഫറാസ് അഹമ്മദിന്റെ സംഘത്തിന്റെ പ്രകടനം. അന്ന് ഗ്രഹാം ഗൂച്ചും ഇയാന്‍ ബോതവുമടങ്ങിയ സംഘത്തെ അക്രമിന്റെ നേതൃത്വത്തിലുള്ള സംഘം എറിഞ്ഞുടച്ചതെങ്കില്‍ ഇത്തവണ സംഹാരം യുവനിരയുടേതായിരുന്നു. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച പാക് നായകന്‍ സര്‍ഫറാസിന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ബൗളര്‍മാര്‍ മനോഹരമായി പന്തെറിഞ്ഞപ്പോള്‍ ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ ബാറ്റു വീശിയ ഇംഗ്ലണ്ടിന് ഇതാദ്യമായി കാലിടറി. ഒരു ഘട്ടത്തില്‍ പോലും ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാത്ത രീതിയില്‍ ഇംഗ്ലീഷ് ബാറ്റിങിന്റെ നട്ടെല്ലു തകര്‍ത്തു കൊണ്ട് പേസര്‍മാരായ ഹസന്‍ അലിയും പരിക്കേറ്റ മുഹമ്മദ് ആമിറിനു പകരം ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച റുമ്മാന്‍ റഈസിന്റേയും ജുനൈദ് ഖാനും വിക്കറ്റുകള്‍ പങ്കിട്ടെടുത്തപ്പോള്‍ സ്പിന്നര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഹസന്‍ അലി മൂന്നും റഈസും ജുനൈദും രണ്ട് വിക്കറ്റ് വീതവും നേടി. ഒരു വിക്കറ്റ് ശതാബ് ഖാനും സ്വന്തമാക്കി. 56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍. ഓപണര്‍ ജോണി ബെയര്‍ സ്‌റ്റോ 43ഉം, ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ 33, സ്‌റ്റോക്‌സ് 34 റണ്‍സുമെടുത്തു. 64 പന്തുകള്‍ നേരിട്ടായിരുന്നു സ്റ്റോക്‌സിന്റെ 34 റണ്‍സ്. തുടക്കത്തില്‍ അഞ്ച് റണ്‍സിനു മുകളില്‍ റണ്‍ റേറ്റ് നിലനിര്‍ത്തിയ ഇംഗ്ലണ്ട് പിന്നീട് റണ്‍ നിരക്കിന്റെ കാര്യത്തില്‍ മൂക്കു കുത്തുകയായിരുന്നു. ഓപണര്‍ ഹെയ്ല്‍സ് (13), മോയിന്‍ അലി (11), ജോസ് ബട്‌ലര്‍ (04), റഷീദ് (07), പ്ലങ്കറ്റ് (09) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. 49.5 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ട് റണ്ണുമായി ജെയ്ക് ബോള്‍ പുറത്താകാതെ നിന്നു. പാക് നിരയില്‍ പേസര്‍ ഫഹീം അഷ്‌റഫിന് പകരം ലെഗ് സ്പിന്നര്‍ ഷതാബ് ഖാനാണ് കളിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 211, പാകിസ്താന്‍ 215/2.