കോഴിക്കോട്: പി.ടി ഉഷാ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4-15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി വിജയ് ഗോയല്‍, സംസ്ഥാന കായിക മന്ത്രി ഏ.സി മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വര്‍ഷങ്ങള്‍ ദീര്‍ഘിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഉഷയുടെ വലിയ സ്വപ്‌നം പൂവണിയുന്നത്. ഒളിംപിക്‌സ് ഉള്‍പ്പെടെ രാജ്യാന്താര കായിക മാമാങ്ക വേദികളില്‍ ഇന്ത്യന്‍ യശ്ശസ് ഉയര്‍ത്തുന്ന ഉഷാ സ്‌ക്കൂളിലെ കുട്ടികള്‍ ഇത് വരെ സിന്തറ്റിക് പരിശീലനം നടത്തിയിരുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലായിരുന്നു. മുന്‍ കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം ആരംഭിച്ചത്. സായ്ക്കാണ് മേല്‍നോട്ടം.

വൈകീട്ട് 4-15 നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിക്കുക. അതിന് മുമ്പ് ഒരു മിനുട്ട് ഉഷ ചടങ്ങിന് സ്വാഗതം പറയും. തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ രണ്ട് മിനുട്ട് മാത്രം ദീര്‍ഘിക്കുന്ന അധ്യക്ഷ പ്രസംഗം നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പരിപാടി പ്രകാരം മറ്റാര്‍ക്കും ഈ ചടങ്ങില്‍ സ്ഥാനമില്ല. ഉച്ചക്ക് മൂന്നിന് പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി അനുമോദനചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.