ലണ്ടന്‍: മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ അധികൃതരുടെ അനാസ്ഥയെ വിമര്‍ശിച്ച് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി. ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇന്ത്യക്കാര്‍ മറുപടി നല്‍കുന്ന കാര്യത്തില്‍ കണിശക്കാരല്ലേ എന്ന് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ലൂയിസ് ആര്‍ബത്‌നോട്ട് ചോദിച്ചു.

ഇന്ത്യന്‍ അധികൃതര്‍ മറുപടി നല്‍കുന്നതിന് ആറുമാസമാണ് എടുത്തത്. കഴിഞ്ഞ ആറാഴ്ചയായി ഒരു പുരോഗതിയുമില്ല. തെളിവു സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ കേസ് നീണ്ടു പോകും- അവര്‍ മുന്നറിയിപ്പ്് നല്‍കി.
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആരണ്‍ വാറ്റ് കേസില്‍ സമയം നീട്ടി ചോദിച്ചപ്പോഴായിരുന്നു ജഡ്ജി എമ്മ ലൂയിസ് ആബത്‌നോട്ടിന്റെ പ്രതികരണം. ഇന്ത്യയില്‍ നിന്നുള്ള രേഖകളും തെളിവുകളും ലഭിക്കാന്‍ മൂന്ന്-നാല് ആഴ്ചയോളം വേണ്ടിവരുമെന്ന് ആരണ്‍ വാറ്റ് വിശദീകരിച്ചു. ആറ് ആഴ്ച മുമ്പ് ഇന്ത്യന്‍ ഭരണകൂടത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടതാണെന്നും ഇതു വരെ ലഭിച്ചില്ലെന്നും വാറ്റ് വ്യക്തമാക്കി.
ജാമ്യം നല്‍കുന്നതിനായി അനുവദിച്ച ഉപാധികള്‍ ഒരിക്കലും ലംഘിക്കരുതെന്ന് അവര്‍ മല്യയോടും ആവശ്യപ്പെട്ടു. ‘അങ്ങനെയുണ്ടായാല്‍ നിങ്ങളെ തിരികെ കസ്റ്റഡിയില്‍ വാങ്ങേണ്ടി വരും’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രിലിലാണ് മല്യയെ ഇന്ത്യയുടെ പരാതിയില്‍ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റു ചെയ്തത്. അന്നുതന്നെ ജാമ്യവും ലഭിച്ചു. കേസില്‍ ഡിസംബര്‍ നാലാണ് അവസാന ഹിയറിങിനായി നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നി്ന്നുള്ള മറുപടി വൈകുന്നതിനനുസരിച്ച് നടപടിക്രമങ്ങളും വൈകും.
കേസില്‍ കോടതി കഴിഞ്ഞ ദിവസം മല്യയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ ആറിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കോടിക്കണക്കിന് പൗണ്ടുകളെ കുറിച്ച് നിങ്ങള്‍ക്ക് സ്വപ്‌നം കാണാം.
എന്നാല്‍ അതിനു തെളിവില്ല എന്ന് കോടതിയില്‍ നിന്നിറങ്ങിയ ശേഷം മല്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാതെ മാര്‍ച്ച് 21നാണ് മല്യ ലണ്ടനിലേക്ക് കടന്നത്.