ഇസ്‌ലാമാബാദ്: ഒളിച്ചോടിയ മകളെ വിവാഹ സല്‍ക്കാരത്തിന് വീട്ടില്‍ ക്ഷണിച്ചുവരുത്തി യുവതി ചുട്ടുക്കൊന്നു. പാകിസ്താനിലെ ലാഹോര്‍ സ്വദേശി പര്‍വീന്‍ ബിബിയാണ് മകള്‍ സീനത്ത് റഫീക്കിനെ കൊലപ്പെടുത്തിയത്. സഹപാഠി ഹസന്‍ ഖാനുമൊന്നിച്ച് ഒളിച്ചോടി വിവാഹം ചെയ്ത സീനത്ത് ദീര്‍ഘനാളായി മാതാവുമായി പിരിഞ്ഞിരിക്കുകയായിരുന്നു.

pakistan_killing_girls

വേര്‍പ്പാട് താങ്ങാനാവുന്നതല്ലെന്നും അതിനാല്‍ വീട്ടിലേക്ക് തിരിച്ചുവരണമെന്നും പറഞ്ഞാണ് പര്‍വീന്‍ സീനത്തിനെ സമീപിച്ചത്. ഒളിച്ചോടി എന്ന ആക്ഷേപം ഒഴിവാകുന്നതിന് ചെറിയ വിവാഹ സല്‍കാരം ഒരുക്കുന്നുണ്ടെന്നും സീനത്തിനെ തെറ്റിദ്ധരിച്ചു. എന്നാല്‍ ലാഹോറിലെ വീട്ടിലേക്ക് മടങ്ങിയ സീനത്തിന് പക്ഷേ, ആഘോഷപരിപാടികളുടെ സൂചനകളൊന്നും കാണാനായിരുന്നില്ല. വീടിനുള്ളില്‍ കയറിയ സീനത്തിനെ പര്‍വീനും സഹോദരന്‍ അനീസ് റഫീക്കും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കി. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ദുര്‍നടപ്പിനും കുടുംബത്തിന് മാനഹാനി വരുത്തിയതിനും മകളെ കൊലപ്പെടുത്തുകയായിരുന്നു പര്‍വീന്‍ പൊലീസിനു മുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പര്‍വീന് വധശിക്ഷക്കും അനീസ് റഫീക്കിന് ജീവപര്യന്തം ശിക്ഷക്കും കോടതി വിധിച്ചു.