പന്തളം: നിശ്ചയിച്ച വിവാഹത്തിനു മുമ്പ് വരന്‍ മുങ്ങിയപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന്‍ താലിചാര്‍ത്തി. പന്തളത്താണ് സംഭവം. വിവാഹം മുടങ്ങുമെന്നായപ്പോഴായിരുന്നു ഇത്തരത്തിലൊരു തീരുമാനമുണ്ടായത്.

കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. പകല്‍ 11.40നും 12 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ അടുത്തുള്ള ക്ഷേത്രത്തിലാണ് താലികെട്ട് നിശ്ചയിച്ചിരുന്നത്. താമരക്കുളം സ്വദേശിയാണ് വരന്‍. എന്നാല്‍ സമയം എത്തിയിട്ടും വരനും ബന്ധുക്കളും എത്തിയില്ല. അന്വേഷിച്ചപ്പോള്‍ വരന്‍ വീട്ടില്‍ നിന്ന് രാവിലെ മുങ്ങിയതായി അറിയുകയായിരുന്നു. വരനും കൂട്ടരും എത്താതായതോടെ ബന്ധുക്കള്‍ പന്തളം പൊലീസില്‍ പരാതി നല്‍കി. പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ വരനെ രാവിലെ മുതല്‍ കാണാനില്ല എന്ന് വ്യക്തമായി.

തുടര്‍ന്ന് വിവാഹം മുടങ്ങാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍. ജ്യോതികുമാര്‍ മുന്‍കൈ എടുത്ത് കുടുംബസുഹൃത്തിന്റെ സഹോദരന്‍ സുധീഷുമായി വിവാഹം ഉറപ്പിച്ചു. പൂഴിക്കാട് പൊയ്കകുറ്റി സ്വദേശിയാണ് സുധീഷ്. പിന്നീട് വൈകുന്നേരം മൂന്നിന് നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വെച്ചു തന്നെ വിവാഹം നടത്തുകയായിരുന്നു.