രാജ്യത്ത് സ്ത്രീകള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ രൂക്ഷമാകുമ്പോഴും വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് രംഗത്ത്. ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം രക്ഷിതാക്കളാണെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് പ്രതികരിച്ചു. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ സ്വതന്ത്രമായി വിടുന്നതാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് സുരേന്ദ്രസിങിന്റെ വിചിത്ര വാദം.
15 വയസു വരെ കുട്ടികളെ അനുസരണയോടെ വളര്‍ത്തേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണ്. അതിനു പകരം കുട്ടികളെ ഒരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം ചുറ്റിക്കറങ്ങാന്‍ അനുവദിക്കുകയാണ് രക്ഷിതാക്കള്‍. ഇതാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും സുരേന്ദ്രസിങ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പോലുള്ള കാര്യങ്ങള്‍ കുട്ടികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും കുട്ടികളെ എപ്പോഴും നിയന്ത്രിച്ച് നിര്‍ത്തണമെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. മൂന്നു കുട്ടികളുള്ള അമ്മമാരെ ആരും ബലാത്സംഗം ചെയ്യില്ലെന്ന് സുരേന്ദ്രസിങ് നേരത്തെ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. കഠ്‌വയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പെയാണ് ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവന.