കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. അപസര്‍പ്പക കഥകള്‍ക്ക് മലയാള സാഹിത്യത്തില്‍ ജനപ്രിയ മുഖം സമ്മാനിച്ച എഴുത്തുകാരനായിരുന്നു പുഷ്പനാഥ്.

പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ പേര്. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡിറ്റക്ടീവ്, മാന്ത്രിക നോവലുകള്‍ ഉള്‍പ്പെടെ മുന്നൂറോളം നോവലുകള്‍ രചിച്ചിച്ചിട്ടുണ്ട്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും തര്‍ജ്ജമചെയ്തിട്ടുണ്ട്.

മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് ജനശ്രദ്ധ നേടിയത്. ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകള്‍ക്ക് മലയാളികളുടെ ഹൃദയം കവര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കപെട്ടു.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മകനുമായ സലിം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുമ്പാണ് പുഷ്പനാഥിന്റെ മരണം. സംസ്‌കാരം പിന്നീട് നടക്കും.