മാവേലിക്കര: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര കല്ലുമല സ്വദേശികളായ ലിജു, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര സി.ഐയാണ് നടപടിയെടുത്തത്. ഐപിസി 500, കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധം വ്യാപകമായതോടെ പ്രതികള്‍ ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നെങ്കിലും പൊലീസിന് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചിരുന്നതായാണ് വിവരം.