ന്യൂഡല്‍ഹി: ജീവന് ഭീഷണിയുള്ളതായി വെളിപ്പെടുത്തി ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലഖിന്റെ മകന്‍ ഡാനിഷ് രംഗത്ത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആരോ തന്നെ പിന്തുടരുന്ന പ്രതീതിയാണ് എപ്പോഴുമുള്ളതെന്നും ഡാനിഷ് പറഞ്ഞു. ബീഫ് വിഷയത്തില്‍ എന്റെ പിതാവിനെ വധിച്ചവര്‍ തനിക്ക് പിന്നാലെയുണ്ടെന്നാണ് തോന്നുന്നത്. ആരാലും പിന്തുടരപ്പെടാതെ ജോലിക്ക് പോകാനും ആരും നിരീക്ഷിക്കുന്നുവെന്ന് ചിന്തിക്കാതെ ജീവിക്കാനും സാധിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നും ഡാനിഷ് പറഞ്ഞു. താന്‍ കൊല്ലപ്പെട്ടാല്‍ പിതാവ് കൊലചെയ്യപ്പെട്ടതിനെക്കുറിച്ചും ആ സംഭവത്തെക്കുറിച്ചും ആരാണ് മൊഴി നല്‍കുകയെന്ന് ഭയമുണ്ടെന്നും ഡാനിഷ് പറഞ്ഞു.

മര്‍ദനത്തില്‍ പരിക്കേറ്റ ഡാനിഷ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ
മര്‍ദനത്തില്‍ പരിക്കേറ്റ ഡാനിഷ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ

വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് 2015ലാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലഖിനെ ബിജെപി നേതാക്കള്‍ ദാരുണമായി കൊലപ്പെടുത്തിയത്. പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മര്‍ദനമേറ്റ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അഖ്‌ലഖ് കൊലക്കേസിലെ ഏക ദൃക്‌സാക്ഷിയാണ് ഡാനിഷ്. സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവും മകനുമുള്‍പ്പെടെ 15 പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.