അരുണ്‍ ചാമ്പക്കടവ്

കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജി വെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഈ സര്‍ക്കാരിലെ ആദ്യ രാജി 2016 ഒക്ടോബര്‍ 14 ന് ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്റേതായിരുന്നു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചത് വിവാദമായതിനെ തുടര്‍ന്നായിരുന്നു രാജി .കൂടാതെ ജയരാജന്റെ ജ്യേഷ്ടന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സിറാമിക്‌സില്‍ ജനറല്‍ മാനേജരായും നിയമിച്ചിരുന്നു. ഇ.പിജയരാജന്റെ ഭാര്യ സഹോദരിയാണ് പി കെ ശ്രീമതി എംപി .വ്യവസായ വകുപ്പിലെ നിയമനത്തില്‍ ജാഗ്രതക്കുറവുണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്ന് പറഞ്ഞത് .എകെ ബാലന്‍, എളമരം കരിം, പി.കെ ഗുരുദാസന്‍ എന്നിവര്‍ ബന്ധു നിയമനത്തെ അന്ന് ശക്തമായി എതിര്‍ത്തിരുന്നു . ആദ്യ രാജി സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും പ്രമുഖ നേതാവുമായ ഇ പി ജയരാജന്റേതായത് സിപിഎമ്മിന് ഏല്‍പ്പിച്ച ആഘാതംചെറുതല്ലായിരുന്നു . ഫോണ്‍ വിളി വിവാദത്തില്‍ അകപ്പെട്ട ഗതാഗ മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനായിരുന്നു 2017 ഒക്ടോബര്‍ 14 ന് എല്‍ഡിഎഫ് മന്ത്രിസഭയില്‍ രണ്ടാമത് രാജിവെച്ചത്. എന്‍സിപിയുടെ ഏക മന്ത്രിയായിരുന്നു എ.കെ ശശീന്ദ്രന്‍.
ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട കേസ് കോടതിക്ക് പുറത്ത് ഒത്ത് തീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭരണത്തിന്റെ ആദ്യ രണ്ട് വര്‍ഷങ്ങള്‍ സാധാരണയായി സര്‍ക്കാരുകള്‍ കൂടുതല്‍ മികവ് കാണിക്കുന്ന സമയമാണ് എന്നാല്‍ തുടരെ തുടരെ മൂന്ന് മന്ത്രിമാര്‍ രാജി വെച്ചത് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് .
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റമാണ് മന്ത്രി തോമസ് ചാണ്ടിയെ കുടുക്കിയത്. മന്ത്രിയുടെ നേതൃത്വത്തിലുള്ള ടൂറിസം കമ്പനി ഭൂമി മണ്ണിട്ട് നികത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് .
വിവാദം ഭരണ പ്രതിപക്ഷ ഭേദമന്യേ ഏവരും ഏറ്റെടുത്തതോട് കൂടി സര്‍ക്കാര്‍ ആലപ്പുഴയിലെ കായല്‍ കൈയ്യേറ്റങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അനുപമക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ റിപ്പോര്‍ട്ട് തോമസ് ചാണ്ടിക്ക് എതിരായിരുന്നു .
ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത്തോമസ് ചാണ്ടി സമര്‍പ്പിച്ചഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു .കോടതിയെ കൂട്ടുപിടിച്ച് മന്ത്രി സ്ഥാനത്ത് തുടരാന്‍ ചാണ്ടിക്ക് കഴിയില്ലെന്നും വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. തോമസ് ചാണ്ടി ഇന്നലെ തന്നെ രാജി വെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു .എന്നാല്‍ ഇന്ന് രാവിലെ തോമസ് ചാണ്ടിയും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് രാജി വെക്കാനുള്ള സന്നദ്ധത തോമസ് ചാണ്ടി അറിയിക്കുകയായിരുന്നു .കോടതിയില്‍ നിന്ന് ഇത്രയേറെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടെടുത്ത മുഖ്യമന്ത്രിക്കെതിരെ സിപിഐ ശക്തമായ നിലപാട് എടുത്തിരുന്നു .സോളാര്‍ കേസില്‍ പ്രതിപക്ഷത്തിന് മേല്‍ നേടിയ വിജയം തോമസ് ചാണ്ടിയുടെ വിഷയത്തില്‍ നഷ്ടപ്പെട്ടെന്ന് എല്‍ഡിഎഫില്‍ അഭിപ്രായമുണ്ടായി .സിപിഎമ്മിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ടായിരുന്നു .സിപിഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം എന്നിവര്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു .കൂടാതെ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതും തോമസ് ചാണ്ടിയെയും സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു . ഇത്തരമൊരു സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു തോമസ് ചാണ്ടി .കോടതി നാണംകെടുത്തിയിട്ടും രാജിവച്ചൊഴിയില്ലെന്ന വാശിയിലായിരുന്നു തോമസ് ചാണ്ടിയും എന്‍സിപിയും. മന്ത്രിസഭയിലിരിക്കാന്‍ യോഗ്യനോ എന്നു കോടതി ചോദിച്ച മന്ത്രിയോട് എന്തുകൊണ്ട് ഇന്നലെത്തന്നെ രാജി ചോദിച്ചു വാങ്ങിയില്ലെന്ന ചോദ്യം മുഖ്യമന്ത്രിയെ സമ്മര്‍ദത്തിലാക്കിയിരുന്നു.