കോഴിക്കോട്: പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്‌ലിം ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കാലങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയതില്‍ വിജയം നേടാന്‍ പാര്‍ട്ടിക്കും മുന്നണിക്കും ആയിട്ടുണ്ടെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീറും പ്രതികരിച്ചു.വരാന്‍ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന ഭരണം കേരളത്തിന് വലിയ മോശമായ സ്ഥിതിയാണുണ്ടാക്കുന്നത്. ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.