പി.കെ കുഞ്ഞാലിക്കുട്ടി

വിമാനത്താവള ഇന്ധന നികുതി ഏകീകരണം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അഭിമാനിക്കാവുന്ന തീരുമാനമാണ് ഇന്നലെ വന്നിരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി 5% ശതമാനമായി സര്‍ക്കാര്‍ ഏകീകരിച്ചിരിക്കുന്നു. ആഭ്യന്തര യാത്രക്കാര്‍ക്കും, പ്രവാസികള്‍ക്കും ഗുണകരമാകുന്ന ഈ തീരുമാനം എടുപ്പിക്കാന്‍ സര്‍ക്കാരില്‍ യു.ഡി.എഫ് വളരെ വലിയ സമ്മര്‍ദമാണ് ചെലുത്തിയത്. 27% എന്ന ഭീമമായ നികുതിയില്‍ നിന്നാണ് 5% ആയി കുറയുന്നത്.

വിഷയത്തിന്റെ ഗൗരവ്വം കണക്കിലെടുത്ത് ഉപദേക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് നികുതി ഇളവിന് ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല, അമിതമായ നികുതി ഭാരം കുറയ്ക്കാന്‍ നിയമപരമായ നടപടികള്‍ ക്കൊപ്പം സമര പരിപാടികളും ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞയാഴ്ച്ച ഇ.എം.ഇ.കോളേജില്‍ വെച്ച് ചേര്‍ന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളുടെയും എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചിരുന്നു. പ്രസ്തുത യോഗത്തില്‍ വെച്ച് വിമാനത്താവള പരിസരത്ത് ഫെബ്രുവരി ഒമ്പതിന് ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം നടത്തുന്നതിനും ടി.വി.ഇബ്രാഹിം എം.എല്‍.എ കോടതിയെ സമീപ്പിക്കാനും തീരുമാനിച്ചിരുന്നു. സംസ്ഥന സര്‍ക്കാരിന്റെ പരിധിയിലുളഌവിഷയമായതിനാല്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുന്നതിന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീറിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അവര്‍ അത് ഭംഗിയായി നിര്‍വ്വഹിച്ചതിന്റെ ഫലമാണ് സര്‍ക്കാരിനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ സമരം മാറ്റി വെക്കുകയാണ്. കോഴിക്കോട് വിമാനത്താവളം പൊതുമേഖലാ സ്ഥാപനമായതിനാല്‍ കണ്ണൂരിന് നല്‍കിയ ഒരു ശതമാനം കോഴിക്കോടിനും നല്‍കണമെന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. അതിനാല്‍ കേസുമായി മുന്നോട്ട് പോകും. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.