തിരുവനന്തപുരം: ബഹുസ്വരത എന്ന ആശയത്തിന് എതിരായ ഏകസിവില്‍ കോഡ് അപ്രായോഗികവും അടിസ്ഥാനപരമായി ഭരണഘടനാ വിഭാവനങ്ങള്‍ക്കും സമീപനങ്ങള്‍ക്കും കടകവിരുദ്ധവുമാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതപരമായ അടിസ്ഥാനങ്ങളേയും അടിത്തറകളെയും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. മതപരമായ ജീവിതം അസാധ്യമായി തീരുമെന്നതു കൊണ്ടാണ് ഏകസിവില്‍കോഡിനെ എതിര്‍ക്കുന്നത്. മുസ്‌ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏക സിവില്‍കോഡ് വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

വിവിധ ജനവിഭാഗങ്ങളും സമൂഹങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. എങ്ങനെയാണ് ഇവിടെയൊരു ഏകനിയമം അടിച്ചേല്‍പ്പിക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. അപ്രതീക്ഷിതമായി ഇപ്പോള്‍ ഏകസിവില്‍കോഡ് ചര്‍ച്ച ഉയര്‍ന്നുവന്നതിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാറിന്റെ രാഷ്ട്രീയം തന്നെയാണ്. അവര്‍ തന്നെ മുന്‍ഗണന കൊടുത്ത ദാരിദ്ര്യനിര്‍മാര്‍ജനം, പാരിസ്ഥിതിക പ്രശ്‌നം ഉള്‍പ്പെടെ നിരവധി വിഷയങ്ങളുണ്ടായിരിക്കെ ഏകസിവില്‍കോഡ് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ ദുരുദ്ദേശ്യം തന്നെയാണുള്ളത്. ഇതിന് വലിയ മുന്‍ഗണന നല്‍കുന്നതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ട്. ഉത്തര്‍പ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മുന്‍നിര്‍ത്തിയുള്ള ബി.ജെ.പി-സംഘ്പരിവാര്‍ ഗൂഢനീക്കമാണ് ഇതിന് പിന്നില്‍. ആവശ്യം വരുമ്പോള്‍ വര്‍ഗീയ കാര്‍ഡിളക്കി വിടുകയാണ്.

സംഘപരിവാറിന്റെ ഈ നീക്കം അപകടകരമാണ്. ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തുന്ന വിധമാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മുസ്‌ലിംകളും മുസ്‌ലിം സംഘടനകളും മാത്രമല്ല, പുറത്തുള്ളവരും മതേതര നിലപാടുള്ളവരും ഏകിസിവില്‍കോഡിനോട് യോജിക്കുന്നില്ല. നിയമം മൂലം ഒരു പരിഷ്‌കരണം അടിച്ചേല്‍പ്പിക്കാന്‍കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന്റെ പേരില്‍ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ശക്തമായി എതിര്‍ക്കും. തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്നവരാണ് മുസ്‌ലിം സംഘടനകളെല്ലാം. എന്നാല്‍ തീവ്രവാദം എന്ന ആയൂധം പ്രയോഗിച്ച് സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കാനാണ് നീക്കം നടക്കുന്നത്. ഇതിനെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മതേതര സംഘടനകളെ അണിനിരത്തി എതിര്‍ക്കാനാണ് മുസ്‌ലിം ലീഗ് തീരുമാനിച്ചിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ മൗലവി അധ്യക്ഷത വഹിച്ചു. മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം നജീബ് സ്വാഗതം പറഞ്ഞു. എം.എം ഹസന്‍, ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഏകസിവില്‍കോഡിന്റെ നിയമവശങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. എ അബ്ദുല്‍ കരീം സംസാരിച്ചു. വിവിധ സംഘടനകളെ പ്രതനിധീകരിച്ച് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ബീമാപള്ളി റഷീദ്, കായിക്കര ബാബു, മൗലവി വി.പി സുഹൈബ്, ഹാഫിസ് അബ്ദുല്‍ ഗഫാര്‍ മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കരമന അഷ്‌റഫ് മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞുമൗലവി, സഈദ് മൗലവി, എച്ച്.ഷഹീര്‍ മൗലവി, എം.എം മാഹീന്‍, കരമന ബയാര്‍, അല്‍ അമീന്‍, റഷീദ് മദനി, പാനിപ്ര ഇബ്രാഹിം മൗലവി, നാസറുദ്ദീന്‍ ഫറൂഖി, ഡോ. അമര്‍, ഇബ്രാഹിം മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് ബള്‍യ അല്‍ റഷാദി ഖിറാഅത്ത് നടത്തി. പി.എം പരീതു ബാവാഖാന്‍ നന്ദി പറഞ്ഞു.