പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. http://bit.ly/check-plusone-allotment-result എന്ന ലിങ്കില്‍ പ്രവേശിച്ച് അപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി, ജില്ല എന്നിവ നല്‍കുമ്പോള്‍ അലോട്ട്‌മെന്റ് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ആദ്യ അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്‌മെന്റ് ലഭിക്കാത്തവരും നിര്‍ബന്ധമായും ഇപ്പോള്‍ പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്‌മെന്റ് പരിശോധിക്കണം.
ആദ്യ അലോട്ട്‌മെന്റില്‍ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവര്‍ രണ്ടാം അലോട്ട്‌മെന്റ് പരിശോധിക്കേണ്ടതില്ല.
ആദ്യ അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്ഷന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ പുതുതായി ലഭിച്ച കോഴ്‌സ്/സ്‌കൂള്‍ ഓപ്ഷനില്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കില്‍ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളില്‍ നിന്ന് പ്രവേശന സമയത്ത് നല്‍കിയ രേഖകള്‍ വാങ്ങി ഇപ്പോള്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌ക്കൂളില്‍ നല്‍കണം.
രണ്ടാം അലോട്ട്‌മെന്റോടുകൂടി മുഖ്യ അലോട്ട്‌മെന്റ് പ്രക്രിയ അവസാനിക്കുന്നതിനാല്‍ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവര്‍ നിര്‍ബന്ധമായും ഫീസടച്ച് താത്കാലിക പ്രവേശനം നേടിയ സ്‌കൂള്‍/ കോഴ്‌സില്‍ സ്ഥിര പ്രവേശനം നേടണം.ഇന്ന് മുതല്‍ ജൂണ്‍ ഒന്ന് വൈകിട്ട് നാലിനകം ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താത്കാലിക പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
മുഖ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയവര്‍ക്ക് ഇഷ്ടപെട്ട സ്‌കൂളും വിഷയവും ലഭിച്ചില്ലെങ്കില്‍ സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിന് ജൂണ്‍ ആറ് മുതല്‍ അപേക്ഷിക്കാം. അപേക്ഷാ വിവരങ്ങള്‍ ബന്ധപ്പെട്ട ലിങ്കില്‍ അപ്‌ഡേറ്റ് ചെയ്യും. ഒന്നാം ഓപ്ഷന്‍ പ്രകാരം പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ജൂണ്‍ 12 ന് ബന്ധപ്പെട്ട ലിങ്കില്‍ അപ്‌ഡേറ്റ് ചെയ്യും.
ജൂണ്‍ ആറിന് ക്ലാസുകള്‍ ആരംഭിക്കും.
ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ സംസവരണ സീറ്റുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. http://hscap.kerala.gov.in/communtiyRankList.php എന്ന വെബ് പേജില്‍ ലിസ്റ്റ് ലഭ്യമാണ്. സ്‌കൂള്‍ കോഡും കോഴ്‌സും സെലക്ട് ചെയ്താല്‍ റാങ്ക് ലിസ്റ്റ് ലഭ്യമാവും. ഇതിലേക്കുള്ള പ്രവേശനവും സമാന്തരമായി നടക്കും.