ന്യൂഡല്‍ഹി: വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിന്റെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥൂര്‍. രാജ്യസുരക്ഷ കണക്കിലെടുത്ത് വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സൈനികര്‍, സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ എല്ലാവരുടേയും വിവരങ്ങള്‍ പുറത്തുവിടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. വിവരാവകാശ പ്രവര്‍ത്തകരായ നീരജ് ശര്‍മ്മ, അയ്യൂബ് അലി എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചിരുന്നു. ഇതേതുടര്‍ന്ന് പരാതിക്കാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് നല്‍കിയ അപ്പീലിന്മേലാണ് സി.ഐ.സിയുടെ തീര്‍പ്പ്. വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിച്ച സ്വകാര്യ വ്യക്തികളുടെ പേരു വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്മീഷണര്‍ വിലയിരുത്തി.

വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിച്ച സ്വകാര്യ കമ്പനികളുടെ സി.ഇ.ഒമാര്‍, വ്യാപാര പങ്കാളികള്‍, സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു നീരജ് ശര്‍മ്മയുടെ ആവശ്യം. പ്രധാനമന്ത്രിയുടെ വസതിയുടേയും ഓഫീസിന്റെയും പ്രവര്‍ത്തനച്ചെലവ്, അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളുടെ നടപടി ക്രമങ്ങള്‍, ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയിട്ടുള്ള യോഗങ്ങള്‍ എത്ര, പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ എത്ര, അതിനു വേണ്ടി സര്‍ക്കാര്‍ ചെലവിട്ട തുക എത്ര തുടങ്ങിയ ചോദ്യങ്ങളാണ് അയ്യൂബ് അലി ചോദിച്ചിരുന്നത്. 2017 ജൂലൈയിലാണ് ശര്‍മ്മ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. അയ്യൂബ് അലി 2016 ഏപ്രില്‍ മാസത്തിലും.

സുരക്ഷാ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും വിവരാവകാശ നിയമത്തിലെ എട്ട്(1)എ വകുപ്പ് പ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്ന് നീരജ് ശര്‍മ്മ കമ്മീഷന്‍ മുമ്പാകെ നടന്ന ഹിയറിങില്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന്റെ കാലത്ത് ഇതേ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നുവെന്ന് ശര്‍മ്മ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ വിദേശയാത്രാ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ടെന്നും എന്നാല്‍ യാത്രയില്‍ അനുഗമിച്ചവരുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്തുവിടാന്‍ കഴിയില്ലെന്നുമായിരുന്നു ഹിയറിങില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വസതിയുടേയും പ്രവര്‍ത്തന ചെലവ് ബജറ്റില്‍ വിശദീകരിക്കാറുണ്ടെന്നും ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നുമായിരുന്നു അയ്യൂബ് അലിയുടെ അപേക്ഷയിന്മേലുള്ള വിശദീകരണം. പ്രധാനമന്ത്രി എത്ര തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിച്ചു എന്ന കണക്ക് പി.എം.ഒ സൂക്ഷിക്കാറില്ലെന്നും പി.എം.ഒയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(സി.പി.ഐ.ഒ) നല്‍കിയ മറുപടിയില്‍ പറയുന്നു.