വാഷിങ്ടണ്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്. ‘ഫ്‌ളൈറ്റ്‌സ്’ എന്ന നോവലിാണ് പുരസ്‌കാരം. പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി സമ്മാനത്തുകയായ 67,000 ഡോളര്‍ ഓള്‍ഗ പങ്കിട്ടു. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ പോളിഷ് സാഹിത്യകാരിയാണ് ഓള്‍ഗ ടോക്കര്‍ചുക്ക്.

ഇതുവരെ എട്ട് നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും ഓള്‍ഗയുടേതായി പുറത്ത് വന്നിട്ടുണ്ട്. പ്രൈമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ദ ബുക്ക്‌സ് ഓഫ് ജേക്കബ്‌സ്, റണ്ണേഴ്‌സ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ് എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളവയാണ് ഓള്‍ഗയുടെ രചനകള്‍.