തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണം. യുഡിഎഫും ബിജെപിയും സംസ്ഥാനത്തു പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. രാവിലെ ആറു മണി മുതല്‍ ആരംഭിച്ച ഹര്‍ത്താലില്‍ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

12 മണിക്കൂര്‍ നീളുന്ന ഹര്‍ത്താലില്‍നിന്ന് ശബരിമല, ഉംറ തീര്‍ഥാടകരുടെ വാഹനങ്ങളെയും അവശ്യ സര്‍വീസുകളും ഒഴിവാക്കിയിട്ടുണ്ട്.

ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുഡിഫ് കോഴിക്കോട് രാവിലെ 10 മണിക്ക് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.