ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ ഡല്‍ഹി പൊലീസിന് ഒത്താശ ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ആളുകളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ടോറല്‍ റോളുകളാണ് പൊലീസിന് കൈമാറിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇലക്ടോറല്‍ ഡാറ്റാ ബേസുകള്‍ പൊലീസിനോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിക്കോ കൈമാറാന്‍ പാടില്ല.

സാമൂഹ്യ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെയാണ് ട്വിറ്ററില്‍ കമ്മിഷന്‍ അയച്ച കത്ത് പ്രസിദ്ധപ്പെടുത്തിയത്. കമ്മിഷന്‍ സ്വന്തം ചട്ടങ്ങള്‍ മറികടന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വോട്ടര്‍മാരുടെ പേരും ഫോട്ടോയും അടങ്ങുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറി എന്ന് അദ്ദേഹം ആരോപിച്ചു.

അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പൊലീസ് കലാപകാരികളെ സംരക്ഷിക്കുകയാണ് എന്നായിരുന്നു ആരോപണം. കോടതിയിലും തീവ്രഹിന്ദു ഗ്രൂപ്പുകള്‍ക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നത്.