താമരശ്ശേരി: അപകടത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന് റോഡില്‍ കിടന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ആസ്പത്രിയില്‍ കൊണ്ടുപോവാതെ കാഴ്ചക്കാരായി ട്രാഫിക് പൊലീസുകാര്‍. അപകട സ്ഥലത്തിന് വെറും 10-15 മീറ്റര്‍ ദൂരത്തില്‍ പൊലീസ് ജീപ്പ് കിടക്കുമ്പോഴാണ് മനസാക്ഷിയില്ലാതെ പൊലീസ് പെരുമാറിയത്. സംഭവങ്ങളുടെ ഞെട്ടിപ്പിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ ചന്ദ്രികക്ക് ലഭിച്ചു. പൊലീസിന്റെ കണ്ണില്‍ചോരയില്ലാത്ത പെരുമാറ്റത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നത് പൊലീസ് സേനക്കാകെ നാണക്കേടായി.

ചുങ്കത്ത് അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചു വീണ നിലയില്‍. റോഡിന് എതിര്‍വശത്ത് കാഴ്ചക്കാരായി നില്‍ക്കുന്ന പൊലീസ് ജീപ്പും കാണാം

കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് അപകടം നടന്നത്. താമരശ്ശേരി ഭാഗത്തേക്ക് വന്ന കാര്‍ ഇതേ ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോയി. തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചോരവാര്‍ന്ന് അഞ്ച് മിനിട്ടോളം റോഡില്‍ കിടന്നെങ്കിലും തൊട്ടടുത്തുള്ള പൊലീസ് ജീപ്പില്‍ പരിക്കേറ്റയാളെ ആസ്പത്രിയിലെത്തിക്കാന്‍ തയ്യാറാവാത്തതാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്.
ഒാടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റയാളെ ആസ്പത്രിയിലെത്തിക്കാന്‍ തൊട്ടടുത്തുള്ള പൊലീസുകാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ജീപ്പ് നല്‍കിയില്ലെന്ന് മാത്രമല്ല, അപകടസ്ഥലത്തേക്ക് എത്തിനോക്കിയതുപോലുമില്ല. ഈ സമയം ജീപ്പില്‍ ഡ്രൈവറും രണ്ട് ഹോംഗാര്‍ഡുമാണ് ഉണ്ടായിരുന്നത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ തിരിച്ചുവെച്ചാണ് പരിക്കേറ്റയാളെ പിന്നീട് താമരശ്ശേരി താലൂക്കാസ്
സ്പത്രിയിലെത്തിച്ചത്. കണ്‍മുമ്പില്‍ അപകടം നടന്ന് ഒരാള്‍ ചോരവാര്‍ന്ന് കിടന്നിട്ടും അവര്‍ക്ക് വൈദ്യസഹായം നല്‍കാനോ അപകടസ്ഥലത്തേക്ക് വന്ന് നോക്കാനോ തയ്യാറാവാത്ത താമരശ്ശേരി ട്രാഫിക് പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.