കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ നാളെ (വ്യാഴാഴ്ച) ആരംഭിക്കും. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് 31ന് സമാപിക്കും.
രാജ്യപുരോഗതിക്കും സാമൂഹ്യ നീതിക്കും രാഷ്ട്രശില്‍പ്പികള്‍ രൂപപ്പെടുത്തിയ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും ഭരണകൂടം പച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് വഴിതുറക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. സാമൂഹ്യ നീതി എന്നത് ഓരോ വ്യക്തിക്കും അവരുടെ അര്‍ഹതപ്രകാരം അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതാവണം. സ്വതന്ത്ര ഭാരതം ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ന്യൂനപക്ഷ ജനത അവകാശ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിലാണ്. മതപരവും വിശ്വാസപരവുമായ അവകാശങ്ങളിന്‍മേൽ മാത്രമല്ല മുസ്‌ലിംകളുടെ പവിത്രമായ വഖഫ് സ്വത്തിൽപോലും ഭരണകൂടത്തിന്റെ അനാവശ്യ കടന്നുകയറ്റം തുടര്‍ച്ചയാകുന്ന രാജ്യത്തെ ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെയും അവരുടെ കുഴലൂത്ത് കാരായിമാറിയ കപട രാഷ്ട്രീയത്തിനെതിരെയും യുവജനതയോട് സമരസജ്ജരാകുവാന്‍ യൂത്ത് ലീഗ് കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു. ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇത്തവണ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സജ്ജമാക്കിയിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ഫോറത്തില്‍ അപേക്ഷ സ്വീകരിച്ച് സംഘടന ആപ്പില്‍ എന്‍ട്രി ചെയ്യുകയും ആയതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കുയും ചെയ്യും. പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെയുള്ള ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ആപ്പില്‍ ലഭ്യമാകും.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം സന്തോഷ് ട്രോഫി ഫുട്ബോൾ കേരള ടീം അംഗം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലം തെങ്കര പഞ്ചായത്ത്, കോൽപ്പാടം ശാഖയിലെ നസീബ് റഹ്‌മാന് ആദ്യ മെമ്പർഷിപ്പ് നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, സെക്രട്ടറിമാരായ ഗഫൂർ കോൽക്കളത്തിൽ, ഫാത്തിമ തെഹ്‌ലിയ, മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാവ വിസപ്പടി, എൻ.കെ അഫ്സൽ റഹ്‌മാൻ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു മണ്ണാർക്കാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ. ഷമീർ പഴേരി, ഷമീർ മണലടി, ഹാരിസ് കോൽപ്പാടം പങ്കെടുത്തു.