ചെന്നൈ: സ്റ്റാര്‍ലൈറ്റ് വിരുദ്ധ സമരത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിട്ടും ഇതുവരെ തൂത്തുക്കുടി സന്ദര്‍ശിക്കാന്‍ തയ്യാറാവാതിരുന്ന മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രാജിവെക്കണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ‘തന്റെ മന്ത്രിമാരെപ്പോലും തൂത്തുക്കുടിയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. കഴിവുകെട്ട മുഖ്യമന്ത്രിയായ പളനിസ്വാമി രാജിവെച്ച് ഇറങ്ങിപ്പോകാന്‍ തയ്യാറാവണം’-തൂത്തുകുടിയിലേക്കുള്ള യാത്രാമധ്യേ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

എ.കെ 47 അടക്കമുള്ള ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തീവ്രവാദികളോടെന്ന പോലെയാണ് സമരക്കാരോട് പൊലീസ് പെരുമാറിയത്. വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുഡ്ക അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആളാണ് ഡി.ജി.പി ടി.കെ രാജേന്ദ്രന്‍. ക്രമസമാധാനനില സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഡി.ജി.പി രാജിവെക്കാന്‍ തയ്യാറാവണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.