കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യം വെച്ച് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് പിഡിപിയിലേക്ക് മടങ്ങി. തിരുവനന്തപുരം കോര്‍പറേഷന്‍ മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ മത്സരിപ്പിക്കാം എന്നായിരുന്നു ഐഎന്‍എല്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിറാജിനെ മത്സരിപ്പിക്കുന്നതിനെ സിപിഎം എതിര്‍ത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനെ സീറ്റ് ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും പിഡിപിയില്‍ ചേരാന്‍ തീരുമാനിച്ചത്.

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ശബ്ദവും മുഖവും ഇഷ്ടമില്ലാത്ത ആളാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെന്ന് പൂന്തുറ സിറാജ് പറഞ്ഞു. വിജയരാഘവന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഐഎന്‍എല്‍ വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിറാജിനെ മത്സരിപ്പിക്കാനാവില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം നിലപാടെടുക്കുകയായിരുന്നു. കോര്‍പ്പറേഷനിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഐഎന്‍എല്ലും തങ്ങളുടെ ഏക സീറ്റിലെ സ്ഥാനാര്‍ത്ഥിയായി സിറാജിനെ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ സിപിഎം നേതൃത്വം ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് ഐഎന്‍എല്‍ സിറാജിനെ കൈവിടുകയായിരുന്നു.