മംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും എന്‍ഇസി അംഗവുമായ കെഎം ശരീഫ് അന്തരിച്ചു. 56 വയസ്സായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

മംഗളൂരു ബണ്ട്വാള്‍ ബിസി റോഡ് സ്വദേശിയായ ശരീഫ് 1964 സെപ്റ്റംബറിലാണ് ജനിച്ചത്. മംഗളൂരു ഗവ. കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം നേടുകയും അഞ്ചു വര്‍ഷം ഉന്നത മതപഠനം നടത്തുകയും ചെയ്ത ശരീഫ് അഞ്ചുവര്‍ഷം ദുബൈയില്‍ ജോലിചെയ്തിരുന്നു. തുടര്‍ന്ന് മംഗളൂരുവില്‍ വ്യാപാരിയായി.

കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി സ്ഥാപക പ്രസിഡന്റാണ്. പോപ്പുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ശേഷം 2014 ഡിസംബറില്‍ മലപ്പുറം ജില്ലയിലെ പുത്തനത്താണിയില്‍ നടന്ന കൗണ്‍സിലിലാണ് ദേശീയ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ‘പ്രസ്തുത’കന്നട മാഗസിന്‍ എഡിറ്ററായിരുന്നു.