ടി.കെ കുഞ്ഞുമുഹമ്മദ് ഫൈസി പേരാമ്പ്ര

ഐ.എസ്.എസ് പിരിച്ചുവിട്ടതോടെ എന്‍.ഡി. എഫ് തെക്കന്‍ കേരളത്തിലും പ്രവര്‍ത്തനം ശക്തമാക്കി. ബാബരിയുടെ പതനവും ആളുകളെ കൂട്ടുന്നതില്‍ എന്‍.ഡി.എഫിന് സഹായകമായി. വര്‍ഗീയ മുദ്രാവാക്യങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട പഴയ സിമി നേതാക്കള്‍ക്ക് സമുദായത്തിലെ വ്യത്യസ്ത ആശയക്കാരും പാര്‍ട്ടിക്കാരും അണികളായി ലഭിച്ചപ്പോള്‍ അവരുടെ തീവ്ര ആശയങ്ങള്‍ അല്‍പാല്‍പമായി അണികളിലേക്ക് പകര്‍ന്നു നല്‍കി. എന്‍.ഡി.എഫിനു വേണ്ടി പ്രവര്‍ത്തിച്ചു മരിച്ചാല്‍ രക്തസാക്ഷികളുടെ കൂടെ ഏറ്റവും ഉന്നതമായ സ്ഥാനം സ്വര്‍ഗത്തില്‍ ലഭിക്കുമെന്നും സഹാബാക്കളുടെ പിന്‍മുറക്കാരാണ് എന്‍.ഡി.എഫുകാരെന്നും അണികളെ പഠിപ്പിക്കുക വഴി എന്തും ത്യജിക്കാനും സഹിക്കാനുമുള്ള മാനസികാവസ്ഥയില്‍ അവരെ എത്തിച്ചു.
രഹസ്യമായി പ്രവര്‍ത്തിക്കുന്ന എന്‍.ഡി.എഫിന്റെ പല പ്രവര്‍ത്തനങ്ങളും പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു. ‘രഹസ്യ വിംഗിനെ സൂക്ഷിക്കുക’ എന്ന ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫും രംഗത്ത് വന്നു. നിവൃത്തിയില്ലാതെ എന്‍.ഡി.എഫ് പരസ്യപ്പെടുത്തുകയായിരുന്നു. 1994 ഡിസംബറില്‍ കോഴിക്കോട് റാലി സംഘടിപ്പിച്ചുകൊണ്ട് പരസ്യമായി രംഗത്തുവന്ന എന്‍.ഡി. എഫ് പേരിന്റെ ഫുള്‍ഫോമില്‍ മാറ്റം വരുത്തി. ‘നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ്’ എന്നത് ‘നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട്’ എന്നാക്കി. ഇത് പൊലീസിനെ ഭയന്നുകൊണ്ടായിരുന്നു.
ദേശീയ വികസനം പുറത്തു പറഞ്ഞപ്പോള്‍ എന്‍.ഡി.എഫിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ 1996 ആയപ്പോഴേക്കും ജനങ്ങളും പൊലീസും തിരിച്ചറിഞ്ഞു. കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ധാരാളം കേസുകള്‍ എന്‍.ഡി.എഫിന്റെ പേരില്‍ വന്നു. കുറ്റ്യാടി പള്ളിയിലെ ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിച്ച കേസ്, കുറ്റ്യാടി പള്ളിക്കാട്ടില്‍ നിന്നും മേപ്പയ്യൂര്‍ പള്ളിയില്‍ നിന്നും ബോംബ് പിടിച്ചതും പേരാമ്പ്ര എടവരാട്ടെ മിശ്രവിവാഹിതരെ ബോംബെറിഞ്ഞ് ആക്രമിച്ച കേസുകള്‍ ഉള്‍പ്പെടെ എന്‍.ഡി.എഫുകാര്‍ പ്രതികളായി.
എടവരാട്ടെ അക്രമം നടക്കുമ്പോള്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഈ കുറിപ്പുകാരന്‍ പിറ്റേ ദിവസം രാവിലെ മദ്രസയില്‍ ജോലിക്കായി പോകാന്‍ വാഹനം കയറുമ്പോഴാണ് നാട്ടുകാര്‍ പറഞ്ഞ് വിവരമറിയുന്നത്. എന്‍.ഡി.എഫ് നേതാവായതിന്റെ പേരില്‍ എന്നെയും കേസില്‍ പ്രതിയാക്കി എന്‍.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഒളിവില്‍ പോയ എനിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത പ്രയാസങ്ങളായിരുന്നു. നാട്ടില്‍ മുഴുവന്‍ കേസന്വേഷണത്തിന്റെ ഭാഗമായി ഇടതുപക്ഷ പൊലീസിന്റെ നരനായാട്ട് സമുദായം അനുഭവിച്ചത് ചില്ലറയൊന്നുമല്ല. പൊലീസ് എന്റെ വീട്ടില്‍ നിരന്തരം റെയ്ഡ് നടത്തി. പൊലീസ് സ്റ്റേഷനുകളില്‍ ഫോട്ടോ വെച്ച് ലൂക്കൗട്ട് നോട്ടീസ് പതിച്ചു. ഞാനുമായി ബന്ധമില്ലാത്തതിനാല്‍ വിവരങ്ങള്‍ അറിയാതെ കുടുംബത്തിന് ഉറക്കമില്ലാത്ത ദിനരാത്രങ്ങള്‍. നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഒളിവില്‍ പോയ എനിക്ക് കേരളത്തിനു പുറത്തുള്ള ഗുണ്ടല്‍പേട്ടയില്‍ ഫോറസ്റ്റിനോട് ചേര്‍ന്ന് ഇവര്‍ വാങ്ങിയ 108 ഏക്കര്‍ തോട്ടത്തിലെ ചെറിയ വീട്ടിലെ ഒറ്റക്കുള്ള താമസം ഹൃദയഭേദകമായിരുന്നു. രാത്രി വന്യജീവികളെ ഭയന്ന് ഉറക്കമില്ലായിരുന്നു. ഈ സംഭവത്തോടെ മദ്രസയിലെയും പള്ളിയിലെയും ജോലികളില്‍നിന്ന് പിരിച്ചുവിട്ട് പൊതുരംഗത്ത് സജീവമായിരുന്ന എന്നെ മഹല്ല് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ പുറത്താക്കപ്പെട്ട് എല്ലാവരാലും അവഗണിക്കപ്പെട്ട് തീവ്രവാദിയായി കഴിയേണ്ടിവന്നു. വരുന്ന കല്യാണാലോചനകള്‍ വരെ തിരസ്‌കരിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്കൊടുവില്‍ കല്യാണം കഴിച്ച് ജോലിയില്ലാതെ കടത്തില്‍ മുങ്ങി രക്ഷപ്പെടാന്‍ ഗള്‍ഫിലേക്ക് കടന്ന എനിക്ക് അവിടെയും കൂടുതല്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. കേസുകള്‍ വാറണ്ടായതു കാരണം താമസിക്കുന്ന കൂരയും സ്ഥലവും കോടതി ജപ്തി ചെയ്തതിനാല്‍ ഗള്‍ഫ് ഒഴിവാക്കി നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. എന്റെ അനുഭവം ഇതാണെങ്കില്‍ ഇതിനേക്കാള്‍ പരിതാപകരമായ അവസ്ഥയുള്ള ഒരുപാട് ചെറുപ്പക്കാരും അവരുടെ കുടുംബങ്ങളുമുണ്ട്.
ആറു വര്‍ഷം പുറംലോകം കാണാതെ ജയിലില്‍ കിടന്ന കണ്ണൂരിലെ നാറാത്തെ ചെറുപ്പക്കാരും മുവാറ്റുപുഴ കൈവെട്ടു കേസിലെ പ്രതികളും അവരുടെ കുടുംബങ്ങളും അനുഭവിച്ച യാതനകള്‍ വളരെ വലുതാണ്. ഇത്തരം ഒരു കേസിലും എന്‍.ഡി.എഫ് ബുദ്ധികേന്ദ്രങ്ങളായ നേതാക്കളോ ആശ്രിതരോ ഇതുവരെയും ഉള്‍പ്പെട്ടിട്ടില്ലെന്നത് എന്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കുടുംബങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണ് ഞാനിതെഴുതുന്നത്. എന്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും മുസ്‌ലിം സമുദായത്തെ മൊത്തം തീവ്രവാദികളാക്കുന്നതും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതുമാണെന്ന് മനസിലാക്കിയ മുസ്‌ലിംലീഗും സമുദായ സംഘടനകളും ശക്തമായി എതിര്‍ത്തതു കൊണ്ടാണ് എന്‍.ഡി.എഫിന്റെ വളര്‍ച്ച മുരടിച്ചുപോയത്. കഴിഞ്ഞ 25 വര്‍ഷത്തെ വളര്‍ച്ച ഒരേ നില്‍പ്പാണ്. പുതിയ അംഗങ്ങള്‍ ചേരുന്നതിനനുസരിച്ച് പഴയ അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നതാണ് ഇതിന് കാരണം. ഇതു മനസിലാക്കിയ എന്‍.ഡി.എഫ് നേതൃത്വം സ്വന്തമായി പണ്ഡിത സംഘടന, വിദ്യാര്‍ത്ഥി സംഘടന, വനിതാ സംഘടന, രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയവ ഉണ്ടാക്കുകയായിരുന്നു. പക്ഷേ, ഇതു കൊണ്ടൊന്നും സമുദായത്തെ കൂടെ നിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.
നേരത്തെ പഠിപ്പിച്ചിരുന്ന കവാത്തിന്റെ അറബിയിലുള്ള കമന്റുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റി ഫ്രീഡം പരേഡ് എന്ന പേരില്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ച് ആര്‍.എസ്.എസിനെ ഭയപ്പെടുത്താന്‍ ശ്രമിച്ചത് സത്യത്തില്‍ ആര്‍.എസ്.എസിന് ഗുണമാവുകയാണ് ചെയ്തത്. പട്ടാളച്ചിട്ടയിലുള്ള പരേഡ് ഭാവിയില്‍ ഇവര്‍ ഇന്ത്യ പിടിച്ചടക്കുമെന്ന് പറഞ്ഞ് ആര്‍.എസ്.എസിലേക്ക് ആളെ കൂട്ടാന്‍ സാധിച്ചുവെന്നല്ലാതെ സമുദായത്തിന് ദോഷം മാത്രമാണുണ്ടാക്കിയത്. പവിത്രമായ സ്വാതന്ത്ര്യദിനാഘോഷം മറ്റു താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു. മുസ്‌ലിം സമുദായത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കാനിറങ്ങിയ ഇവര്‍ അവസാനം മുസ്‌ലിംലീഗുള്‍പ്പെടെ സ്വന്തം സമുദായത്തിലെ ആളുകളെ ആക്രമിക്കുന്നതും കൊല ചെയ്യുന്നതുമാണ് കണ്ടത്. വേളം പുത്തലത്തെ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ നസ്‌റുദ്ദീനെ കൊലപ്പെടുത്തിയത് എന്‍.ഡി.എഫ് കാരായിരുന്നു.
സമുദായ സംരക്ഷണം പറഞ്ഞും ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ കഷ്ടപ്പാടുകള്‍ നിരത്തിയും വിശുദ്ധ റമസാനില്‍ സ്വദേശത്തും വിദേശത്തും ഇവര്‍ പിരിക്കുന്ന കോടികള്‍ ഇത്തരം കേസുകള്‍ നടത്തുന്നതോടൊപ്പം ഒരു കേസിലും പ്രതിയാകാത്ത കഷ്ടപ്പെടാത്ത നേതാക്കളുടെ സുഖ ജീവിതത്തിനുവരെ ചിലവഴിക്കുന്നു. സ്വന്തം കീശയില്‍ നിന്നും കാശെടുത്ത് പ്രതിഫലം വാങ്ങാതെ പൊതുപ്രവര്‍ത്തനം നടത്തുന്ന മുസ്‌ലിംലീഗിനെ വിമര്‍ശിക്കുന്ന ഇവരാണ് ശമ്പളം വാഹനം, താമസം തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും പൊതുമുതല്‍ ഉപയോഗിക്കുന്നത്.
അണികളെ പിടിച്ചുനിര്‍ത്താന്‍ വലിയ സ്വപ്‌നങ്ങളാണിവര്‍ അവര്‍ക്ക് നല്‍കുന്നത്. ആദ്യം നമ്മള്‍ തോല്‍പ്പിക്കാനും പിന്നെ തോല്‍ക്കാനും പിന്നെ ജയിക്കാനും മത്സരിക്കുമെന്ന് പറഞ്ഞ സ്ഥാപക നേതാവ് ഇപ്പോള്‍ പറയുന്നത് അടുത്ത തലമുറക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ്. 29 വര്‍ഷമായിട്ടും ഒന്നും നേടാന്‍ കഴിയാത്തവര്‍ ഇനിയെന്താണ് നേടിക്കൊടുക്കാന്‍ പോകുന്നത്. വലിയ പ്രതീക്ഷയില്‍ എം.എല്‍.എ ഉണ്ടാകുമെന്നവര്‍ പറഞ്ഞ കര്‍ണാടകയിലെ നരസിംഹരാജ മണ്ഡലത്തില്‍ ഈ പ്രാവശ്യം വോട്ട് കുറഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നതാണ് കണ്ടത്. എന്‍.ഡി.എഫ് തുടങ്ങുമ്പോള്‍ രണ്ട് എം.പിമാര്‍ ഉണ്ടായിരുന്ന ബി.ജെ.പി ഇന്ന് ഇന്ത്യ ഭരിക്കുന്നു. ആര്‍.എസ്.എസിന് തടയിടാന്‍ ഉണ്ടാക്കിയ എന്‍.ഡി.എഫ് കൊണ്ട് ആര്‍.എസ്.എസിന്റെ വളര്‍ച്ചയല്ലാതെ സമുദായത്തിന് എന്ത് നേട്ടമാണുണ്ടായത്. യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി പറയുന്നത് നമ്മള്‍ നട്ടെല്ലു വളക്കാത്തവരാണ്. അല്ലാഹുവിനെ മാത്രമെ പേടിക്കൂ. ആര്‍.എസ്.എസിനും സി.പി.എമ്മിനും പൊലീസിനും നമ്മെ പേടിയാണ് എന്നൊക്കെയാണെങ്കില്‍ എന്‍.ഡി.എഫിന്റെ ഫുള്‍ഫോമില്‍ മാറ്റം വരുത്തിയതും വീണ്ടും വേറെ പേരിലേക്ക് മാറിയതും ആരെ ഭയപ്പെട്ടതു കൊണ്ടാണെന്ന് വ്യക്തമാക്കണം.
മുസ്‌ലിംലീഗിന് പ്രതികരണ ശേഷിയില്ലെന്നും സമുദായത്തിന് നേരെ വരുന്ന എല്ലാ അക്രമങ്ങള്‍ക്കും ശക്തമായി തിരിച്ചടി നല്‍കുമെന്നും പ്രഖ്യാപിച്ച എന്‍.ഡി.എഫ് സ്വന്തം അണികളെ കൊന്നവര്‍ക്കെതിരെ എന്തു സമീപനമാണ് സ്വീകരിച്ചതെന്ന് മറുപടി പറയണം. ആദ്യമായി ആര്‍.എസ്.എസുകാരാല്‍ വധിക്കപ്പെട്ട രഹസ്യകാലത്തെ എന്‍.ഡി.എഫിന്റെ ജില്ലാ നേതാവായിരുന്ന കുറ്റ്യാടിയിലെ അബൂബക്കര്‍ മാസ്റ്റര്‍, സി.പി.എമ്മുകാരാല്‍ ചെറിയ പെരുന്നാള്‍ തലേന്ന് കൊല്ലപ്പെട്ട തലശ്ശേരിയിലെ ഫസല്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട കാസര്‍കോട് തളങ്കരയിലെ സൈനുല്‍ ആബിദ് ഇവരുടെ ഘാതകരോട് എന്ത് പ്രതികാരമാണ് എന്‍.ഡി.എഫിന് ചെയ്യാന്‍ കഴിഞ്ഞത് എന്ന് ചിന്തിക്കണം, അതാണ് മുസ്‌ലിംലീഗ് പറയുന്നത് വെട്ടും കുത്തും ഒന്നിനും പരിഹാരമല്ല. ജനാധിപത്യപരമായ ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള സമര പോരാട്ടങ്ങളേ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കൂ. അല്ലാത്തതൊക്കെ സമുദായത്തിന്റെ ശക്തി തകര്‍ക്കാനല്ലാതെ ഒരു ഗുണവും ചെയ്യില്ല.
അടുത്ത ഭാവിയില്‍ എന്‍.ഡി.എഫിന്റെ പാര്‍ട്ടി ഇന്ത്യ ഭരിക്കുമെന്ന ദിവാസ്വപ്‌നം അണികള്‍ക്കു നല്‍കി സമുദായത്തിലെ ഉള്ള സംഘടിത ശക്തിയെയും തകര്‍ത്ത് സമുദായത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്താന്‍ എന്‍.ഡി.എഫ് കാരണമാവുന്നുവെന്നല്ലാതെ എന്തു നേട്ടമാണുണ്ടാവുക. പരിപാടികള്‍ക്ക് കാശ് മുടക്കി ദീര്‍ഘദൂരങ്ങളില്‍ നിന്ന് ആളുകളെ കൊണ്ട്‌വന്ന് ജനക്കൂട്ടത്തെ കാണിച്ചത് കൊണ്ടും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നിന്നത് കൊണ്ടും തീവ്രവാദത്തിന് ബഹുജന പ്രസ്ഥാനമാകാന്‍ കഴിയില്ല. അതാണ് തെരഞ്ഞെടുപ്പുകള്‍ കഴിയുന്തോറും ജനപിന്തുണ കുറഞ്ഞുവരുന്നത്. ഇതില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ ഇതു മനസിലാക്കേണ്ടുതണ്ട്. ദീര്‍ഘകാലം അതില്‍ പ്രവര്‍ത്തിച്ചപ്പോള്‍ തനിക്കു ബോധ്യപ്പെട്ട കാര്യങ്ങളാണ് ഇവിടെ കുറിച്ചത്.

(എന്‍.ഡി.എഫിന്റെ ആക്രമണോത്സുകമായ നയനിലപാടുകളും തീവ്രവാദ സ്വഭാവവും ഉള്‍ക്കൊള്ളാനാവാതെ സംഘടന വിട്ട ആദ്യ കാല പ്രവര്‍ത്തകനാണ് ലേഖകന്‍)