കാന്‍പുര്‍: അധോലോക രാജാവ് ഛോട്ടാ രാജന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ‘മൈ സ്റ്റാമ്പ’് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കാന്‍ സൗകര്യമുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് ഛോട്ടാ രാജന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഛോട്ടാ രാജന്റെ ചിത്രമുള്ള 24 സ്റ്റാമ്പുകളടങ്ങിയ രണ്ട് ഷീറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. സ്റ്റാമ്പിനായി 600 രൂപ തപാല്‍ വകുപ്പില്‍ അടച്ചിട്ടുണ്ടെന്നും കണ്ടെത്തി.

രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായോ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായോ മറ്റൊരാളെ ഏതെങ്കിലും തരത്തില്‍ വ്രണപ്പെടുത്തുന്നതോ ആയ ചിത്രങ്ങള്‍ മൈ സ്റ്റാമ്പ് പദ്ധതിക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ഇത് ലംഘിച്ചാണ് ഛോട്ടാ രാജന്റെ പേരില്‍ സ്റ്റാമ്പ് ഇറക്കിയിരിക്കുന്നത്. ഇതിന് പണമടച്ച വ്യക്തിയെ കണ്ടെത്താനായി തപാല്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു.