അങ്കാര: പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇര്‍മിസ് പ്രവിശ്യയിലും ഗ്രീസിലെ സമോസ് ദ്വീപിലുമുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

തുര്‍ക്കിയിലെ ഇര്‍മിസ് പ്രവിശ്യയില്‍ നിന്നാണ് 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏജിയന്‍ തീരത്താണ് ഭൂചലനമുണ്ടായത്. പ്രവിശ്യയില്‍ രണ്ടായിരത്തോളം പേരെ ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രവിശ്യയിലെ തെക്കന്‍ ജില്ലയില്‍ ചെറിയ സുനാമിയും ഉണ്ടായിട്ടുണ്ട്.

തുര്‍ക്കിഷ് നഗരമായ ഇസ്മിറില്‍ ആളുകള്‍ കൂട്ടത്തോടു കൂടി കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിവന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ മാത്രം 20 കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ബോര്‍നോവ, ബയ്‌റാക്ലി എന്നിവിടങ്ങളിലും ചലനമുണ്ടായതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

എയ്ജിയന്‍ കടല്‍ത്തീരത്താണ് ഭൂചലനമുണ്ടായ പ്രദേശങ്ങള്‍. ഗ്രീക്ക് ദ്വീപായ സോമോസ് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കിഴക്കന്‍ ഗ്രീക്ക് ദ്വീപുകളിലും ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലും പ്രകമ്പനം അനുഭവപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു പോലെ ഒരു ഭൂകമ്പം ജീവിതത്തില്‍ ആദ്യമാണ് എന്ന് ഏതന്‍സിലെ സ്‌കൂള്‍ കൗണ്‍സലിങ് കോര്‍ഡിനേറ്റര്‍ അന്ന മാര്‍കിസ് അല്‍ ജസീറയോട് പറഞ്ഞു.