ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പില്‍ വന്‍നേട്ടം ലക്ഷ്യമാക്കി ബംഗാളില്‍ ബിജെപി. ശക്തമായ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാന്‍ കഴിയില്ലെന്ന വെല്ലുവിളിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്.

2021-ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബിജെപി. ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ബിജെപിയ്ക്ക് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടക്കാന്‍ പാടുപെടേണ്ടി വരുമെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നേട്ടത്തിന് വിപരീതമായി ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബിജെപി കഷ്ടപ്പെടേണ്ടി വരും. ഒരു പക്ഷെ ബിജെപിയ്ക്ക് അത് സാധ്യമാകുന്നെങ്കില്‍ താന്‍ ഇവിടം വിടും- പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. തന്റെ ഈ ട്വീറ്റ് ഓര്‍മയില്‍ സൂക്ഷിക്കണമെന്നും താന്‍ പറഞ്ഞതിന് വിപരീതമായി വലിയൊരു നേട്ടം ബിജെപിയ്ക്കുണ്ടായാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.