ഡല്‍ഹി: അസമിലെ ഗുവാഹത്തി ജില്ലയിലെ സോനാപൂരില്‍ കാലികളുമായി വരികയായിരുന്ന ട്രക്ക് തടഞ്ഞ് െ്രെഡവര്‍ക്കും സഹായികള്‍ക്കും ക്രൂരമര്‍ദ്ദനം. ഗുവാഹത്തിയിലെ പ്രാദേശിക ചാനലാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ ഗോരക്ഷകരുടെ അക്രമം അംഗീകരിക്കില്ലന്ന പ്രസ്താവനക്ക് ശേഷം രണ്ടാമത്തെ അക്രമമാണ് അസമിലേത്.

കന്നുകാലി ഇടപാടിന് ആവശ്യമായ അനുമതിയും രേഖകളും ഉണ്ടായിട്ടും കാലികളുമായി വന്ന ട്രക്ക് െ്രെഡവറെയും സഹായികളെയും ഗോസംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയവര്‍ മര്‍ദ്ദിച്ചെന്നായിരുന്നു ഗുവാഹത്തിയിലെ പ്രാദേശിക ചാനല്‍ നല്‍കിയ വാര്‍ത്ത. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്.

എന്നാല്‍ ട്രക്ക് െ്രെഡവര്‍ മര്‍ദ്ദനത്തിനിരയായെന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് പ്രതികരണം. കന്നുകാലികളുമായി വരുന്ന മൂന്ന് വാഹനങ്ങള്‍ ഹിന്ദു യുവ ചത്ര പരിഷത്ത് ദിമോറിയ ഘടകം അംഗങ്ങള്‍ തടയുമെന്ന വിവരം ലഭിച്ചിരുന്നു എന്നും സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തെന്നുമാണ് പൊലീസിന്റെ വിശദീകരണം. പരിശോധനകള്‍ക്കായി വാഹനവും രേഖകളും ഗതാഗത വകുപ്പിലേക്ക് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.