ബഗ്ദാദ്: മധ്യ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ സിവിലിയന്മാരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയിലെ റമാദിയില്‍ ചെക്‌പോയിന്റിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയാണ് ചാവേറായി പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനിരയായവരില്‍ ഏറെപ്പേരും സ്ത്രീകളും കുട്ടികളുമാണെന്ന് പൊലീസ് വൃത്തങ്ങളും ഒരു ഡോക്ടറും അറിയിച്ചു. ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ ഉത്തരവാദിത്തമേറ്റെടുത്തു. യൂഫ്രട്ടീസ് നദിക്കു സമീപം സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്ന് ഐ.എസ് ഭീകരരെ പേടിച്ച് പലായനം ചെയ്തവര്‍ താമസിച്ചിരുന്ന ക്യാമ്പിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ക്യാമ്പ് അടച്ചു. ഇവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റും. റമാദി, ഫലൂജ നഗരങ്ങള്‍ ഇറാഖ് സേനയുടെ നിയന്ത്രണത്തിലാണ്. പടിഞ്ഞാറന്‍ അംബാറില്‍ ഇപ്പോഴും ഐ.എസിന് തന്നെയാണ് സ്വാധീനം. മൊസൂളില്‍ ഐ.എസിന്റെ അവസാന ഒളിത്താവളവും ഇറാഖ് സേന വളഞ്ഞിട്ടുണ്ട്.