Connect with us

Views

ചൈനയെ വെല്ലുവിളിച്ച് യു.എസ് യുദ്ധക്കപ്പല്‍

Published

on

ബീജിങ്: തെക്കന്‍ ചൈനാ കടലില്‍ തര്‍ക്കത്തിലിരിക്കുന്ന ദ്വീപിനു സമീപം അമേരിക്കന്‍ യുദ്ധക്കപ്പല്‍ എത്തിയത് ഗുരുതരമായ രാഷ്ട്രീയ, സൈനിക പ്രകോപനമാണെന്ന് ചൈന വ്യക്തമാക്കി. ചൈനയും അയല്‍രാജ്യങ്ങളും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന പരാസെല്‍ ദ്വീപ് സമൂഹത്തിലെ ട്രിറ്റന്‍ ദ്വീപിന് അടുത്താണ് യു.എസ്.എസ് സ്റ്റെതം യുദ്ധക്കപ്പല്‍ എത്തിയത്. മേഖലയിലേക്ക് സൈനിക കപ്പലുകളും പോര്‍വിമാനങ്ങളും അയച്ച് ചൈന ഇതിന് മറുപടി നല്‍കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഫോണില്‍ സംസാരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് സംഭവം. ഇരുവരും നടത്തിയ സംഭാഷണത്തില്‍ അതേക്കുറിച്ച് പരാമര്‍ശമുണ്ടായോ എന്ന് വ്യക്തമല്ല. പ്രതികൂല ഘടകങ്ങളാണ് യു.എസ്-ചൈന ബന്ധത്തെ തകര്‍ക്കുന്നതെന്ന് ഷി ജിന്‍പിങ് ട്രംപിനെ അറിയിച്ചതായി ചൈനീസ് സ്റ്റേറ്റ് ടിവി പറയുന്നു. കൊറിയന്‍ മേഖലയെ ആണവായുധ മുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് രണ്ടു നേതാക്കളും വ്യക്തമാക്കി. ഉത്തരകൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ട്രംപിനെ ജിന്‍പിങ് ഫോണില്‍ വിളിച്ചത്. ചൈന അവകാശപ്പെടുന്ന ജലാര്‍തിര്‍ത്തിയിലേക്ക് യു.എസ് യുദ്ധക്കപ്പല്‍ കടന്നുകയറിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ട്രിറ്റന്‍ ദ്വീപില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെക്കൂടിയാണ് കപ്പല്‍ കടന്നുപോയതെന്ന് യു.എസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പറയുന്നു. ചൈനയുടെ അതിര്‍ത്തി അവകാശവാദങ്ങളെ അമേരിക്ക അംഗീകരിക്കുന്നില്ല. ട്വിറ്റന്‍ ദ്വീപില്‍ ചൈനക്കു പുറമെ വിയറ്റ്‌നാമും തായ്‌വാനും അവകാശവാദമുന്നയിക്കുന്നുണ്ട്. കടലിലെയും ആകാശത്തിലെ തെറ്റായ അവകാശവാദങ്ങളെ വെല്ലുവിളിക്കുന്നതിന് അമേരിക്ക തയാറാക്കിയ ഫ്രീഡം ഓഫ് നാവിഗേഷന്‍ എന്ന പദ്ധതി പ്രകാരമാണ് യുദ്ധക്കപ്പല്‍ തര്‍ക്ക ദ്വീപിന് സമീപമെത്തിയത്. മേയില്‍ ചൈന നിര്‍മിച്ച കൃത്രിമ ദ്വീപിനു സമീപവും അമേരിക്കയുടെ ഒരു യുദ്ധക്കപ്പല്‍ എത്തിയിരുന്നു. കൃത്രിമ ദ്വീപുകളുടെ സൈനികവത്കരണം യു.എസ് അംഗീകരിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

columns

പ്രതിഭകൊണ്ട് വിസ്മയം തീര്‍ത്ത കവി

മാഹിന്‍ ശംനാടിനൊപ്പം മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മുസ്‌ലിംലീഗിന് വേണ്ടി തന്റെ സാഹിത്യ കഴിവുകള്‍ ഉപയോഗിച്ചു. മഹാകവി പി. കുഞ്ഞിരാമന്‍ നായരും ഉബൈദും ആത്മസുഹൃത്തുക്കളായിരുന്നു. ഐക്യ കേരള പ്രസ്ഥാനത്തിന്റെ വക്താവായ ഉബൈദ് കര്‍ണാടകത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട് പ്രദേശത്തെ കേരളത്തിലേക്ക് ലയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. കേരളത്തിന്റെ സാഹിത്യ സൗന്ദര്യം കന്നഡ ഭാഷയിലേക്കും അവരുടേത് മലയാളത്തിലേക്കും കൈമാറ്റം ചെയ്തു.

Published

on

ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി

മലയാള കവിതാ ചരിത്രത്തിലെ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളില്‍ എഴുത്തച്ഛന്‍, പൂന്താനം, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരെ പോലെയുള്ള കവികള്‍ ഹിന്ദു സംസ്‌കൃതിയിലെ പുരാണങ്ങളിലും കഥകളിലും അതിഷ്ഠിതമായ കവിതകളായിരുന്നു രചിച്ചിരുന്നത്. പുത്തന്‍കാവ് മാത്തന്‍ തരകന്‍, സിസ്റ്റര്‍ മേരി ബനീഞ്ജ തുടങ്ങിയവര്‍ ക്രിസ്തീയ സംസ്‌കൃതിയെ ആവിഷ്‌കരിച്ചപ്പോള്‍ പ്രഥമമായി ഇസ്‌ലാമിക സംസ്‌കൃതിയെ മലയാളത്തില്‍ പരിചയപ്പെടുത്തിയ കവി ടി ഉബൈദ് ആയിരുന്നു.

കാസര്‍കോട് തളങ്കരയില്‍ 1908ല്‍ ജനിച്ച ഉബൈദ് ഐക്യ കേരള പ്രസ്ഥാനത്തിന്റെ ഊര്‍ജ്വസ്വലനായ നേതാവ്, മാപ്പിളപ്പാട്ടിനെ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് മലയാള കവിതക്ക് പുതിയ ഈണങ്ങള്‍ സമ്മാനിച്ച കവി, സാഹിത്യകാരന്‍, വിവര്‍ത്തകന്‍, അധ്യാപകന്‍, വിദ്യാഭാസ പ്രവര്‍ത്തകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, രാഷ്ട്രീയ നേതാവ്, അനുഗ്രഹീതമായ ആലാപന വൈഭവത്തിനുടമ, ആരെയും വശീകരിക്കുന്ന പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഖുര്‍ആന്‍ അധ്യാപകന്‍, സ്വാതന്ത്ര സമര സേനാനി ഇങ്ങിനെ ഒരു പ്രതിഭാധനന് ചാര്‍ത്താവുന്ന എല്ലാ വിശേഷണങ്ങുടെയും ഉടമയും വ്യത്യസ്ത മേഖലകളില്‍ മുദ്ര പതിപ്പിച്ച വ്യക്തിത്വവുമമയിരുന്നു. 64 വര്‍ഷത്തെ ജീവിതത്തെ ധന്യവും പുഷ്‌കലവുമാക്കിയ അദ്ദേഹം 1972ല്‍ മരണപ്പെട്ടു.

1947ലെ കോഴിക്കോട് സാഹിത്യ പരിഷത് സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് ഉബൈദ് നടത്തിയ പ്രഭാഷണം ചരിത്രത്തില്‍ ഇടംനേടി. എന്‍.വി കൃഷ്ണവാരിയരും പി. നാരായണന്‍ നായരുമുള്‍പ്പെടെയുള്ള സാഹിത്യപ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രഭാഷണം. മാപ്പിളപ്പാട്ട് ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു അത്. അപൂര്‍വമായ മാപ്പിളപ്പാട്ടു വരികള്‍ ഉബൈദ് പാടിയപ്പോള്‍ സദസ് അത്ഭുത പരതന്ത്രരായി. മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സംസ്‌കാരത്തെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടക്കുന്നത് അതിന് ശേഷമാണ്. ഉബൈദിന്റെ പ്രഭാഷണം ശ്രവിച്ച മഹാകവി ജി ശങ്കരക്കുറുപ്പ് പറഞ്ഞതിങ്ങനെ: ‘മാപ്പിളപ്പാട്ടുകളെ ഒഴിവാക്കിയുള്ള ഭാഷാസാഹിത്യ ചരിത്രം അപൂര്‍ണമായിരിക്കും’. മംഗളോദയം മാസികയിലെഴുതിയ അവലോകനത്തില്‍ ജോസഫ് മുണ്ടശ്ശേരിയും ഇതേ നിരീക്ഷണം നടത്തി. മാപ്പിളപ്പാട്ടിന് കേരളീയ മുഖ്യധാരയില്‍ പ്രാധാന്യം കൈവന്നതും വേരോട്ടം ലഭിച്ചതും അന്ന് മുതലാണ്. മാപ്പിളപ്പാട്ടിന്റെ ഇശലുകളില്‍ അനേകം കവിതകള്‍ ഉബൈദ് രചിച്ചു. പര്‍ദക്കുള്ളില്‍ ഒളിപ്പിക്കപ്പെട്ട സൗന്ദര്യമായിക്കിടന്നിരുന്ന മാപ്പിളപ്പാട്ടിനെ മലയാള സാഹിത്യരംഗത്ത് തന്മയത്വത്തോടെ അവതരിപ്പിച്ചു എന്നതാണ് മഹാകവി ടി. ഉബൈദിന്റെ പ്രസക്തിയെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ഇബ്രാഹിം ബേവിഞ്ച വിലയിരുത്തുന്നു. ‘ദുനിയാവിതെന്തു പുതുമപ്പറമ്പാണ്’ ‘ആലം ഉടയോനെ’ എന്ന് തുടങ്ങുന്ന ‘ദുനിയാവിന്റെ മറിമായം’ മുസ്‌ലിം സമുദായത്തിലെ ഐക്യത്തിനായി ആഹ്വാനം ചെയ്യുന്ന ‘തീ പിടിച്ച പള്ളി’ മനുഷ്യന്റെ ഇന്നോളമുള്ള നേട്ടങ്ങളെ ഉദ്‌ഘോഷിക്കുന്ന ‘മിടുക്കന്‍ ആദം പുത്രന്‍’ എന്നീ കവിതകള്‍ ഉബൈദിന്റെ അതുല്യ രചനകളില്‍ ചിലതാണ്.

അനശ്വര തേജസുള്ള 29 കൃതികളാണ് ഉബൈദ് മലയാളം, കന്നട സംസ്‌കൃതികള്‍ക്കായി സംഭാവന ചെയ്തത്. കവിതാസമാഹാരങ്ങള്‍, പരിഭാഷ, ബാലസാഹിത്യം, മാപ്പിളപ്പാട്ടുകള്‍, ജീവചരിത്രം, പ്രബന്ധസമാഹാരങ്ങള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ രചനാപ്രപഞ്ചംബൃഹത്താണ്. നവരത്‌ന മാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി, ചന്ദ്രക്കല, ഗാനവീചി, തിരുമുല്‍ക്കാഴ്ച, ഹസ്രത്ത് മാലിക്ദീനാര്‍, ഖാസി മര്‍ഹൂം അബ്ദുല്ല ഹാജി, മുഹമ്മദ് ശെറൂല്‍ സാഹിബ് തുടങ്ങിയ കൃതികള്‍ ഉബൈദിലെ സാഹിത്യ പ്രതിഭയെ ഇതള്‍ വിടര്‍ത്തിക്കാട്ടുന്നു. പാരമ്പര്യവും വ്യക്തി പ്രതിഭയും ഒത്തിണങ്ങിയ ഉബൈദ് ഹിന്ദു-ഇസ്‌ലാം മതങ്ങളെയും കന്നട മലയാളം സാംസ്‌കാരിക ധാരകളെയും സമന്വയിപ്പിച്ചു. ആധുനിക കേരളത്തിന്റെ മതേതര സംസ്‌കാരത്തിന് കാസര്‍കോടിന്റെ സംഭാവനയായിരുന്നു ടി. ഉബൈദെങ്കിലും മതാത്മകതയുടെ ഉദാത്തമായ അന്തര്‍ധാര അദ്ദേഹത്തിന്റെ കാവ്യപ്രപഞ്ചത്തില്‍ ഉടനീളം ദര്‍ശിക്കാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം വിശുദ്ധമായ മാനവികതയുടെ കവിയായിത്തീര്‍ന്നത്.

കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് ശെറൂല്‍ സാഹിബുമായി അടുപ്പമുണ്ടായിരുന്ന ഉബൈദ് ആദ്യകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം സീതി സാഹിബിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. മാഹിന്‍ ശംനാടിനൊപ്പം മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മുസ്‌ലിംലീഗിന് വേണ്ടി തന്റെ സാഹിത്യ കഴിവുകള്‍ ഉപയോഗിച്ചു. മഹാകവി പി. കുഞ്ഞിരാമന്‍ നായരും ഉബൈദും ആത്മസുഹൃത്തുക്കളായിരുന്നു. ഐക്യ കേരള പ്രസ്ഥാനത്തിന്റെ വക്താവായ ഉബൈദ് കര്‍ണാടകത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട് പ്രദേശത്തെ കേരളത്തിലേക്ക് ലയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. കേരളത്തിന്റെ സാഹിത്യ സൗന്ദര്യം കന്നഡ ഭാഷയിലേക്കും അവരുടേത് മലയാളത്തിലേക്കും കൈമാറ്റം ചെയ്തു. ടി. ഉബൈദിന്റെ കവിതകള്‍ 2015ല്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്തി. നാലാം ക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ വിടതടിയമ്മേ, കന്നടധാത്രി കേരള ജനനി വിളിക്കുന്നു’ എന്നു തുടങ്ങുന്ന ‘വിടവാങ്ങല്‍’ എന്ന കവിതയും തുഞ്ചത്ത് എഴുത്തച്ഛനെയും കുഞ്ചന്‍ നമ്പ്യാരെയും പറ്റി ഓര്‍ക്കുന്ന എന്തിനീ താമസിപ്പൂതംബികേ എന്നു തുടങ്ങുന്ന ‘കവിതയോട്’ എന്ന കവിതയിലെ വരികളാണ് എട്ടാം ക്ലാസിലെ പാഠ പുസ്തകത്തില്‍ ഉള്‍പെടുത്തിയത്. വിയോഗത്തിന്റെ 50 വര്‍ഷം പിന്നിടുന്ന വേളയില്‍ സ്മരണ നിലനിര്‍ത്താനും ഉബൈദിന്റെ സംഭാവനകള്‍ കൂടുതല്‍ ജനകീയമാക്കാനും ഈ വര്‍ഷം കാസര്‍കോട് ഉബൈദ് പഠന കേന്ദ്രം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Continue Reading

columns

കാലം തെറ്റിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേരള മോഡല്‍ ആശങ്കകളും

ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ആകര്‍ഷിക്കുന്നതും അവരെ ഉദ്ധരിക്കുന്നതുമായ നയസമീപനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് കേരള മോഡല്‍. യൂണിവേഴ്‌സിറ്റികളില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ന്യൂനപക്ഷത്തിന്റെ സാംസ്‌കാരിക അടിത്തറ തകര്‍ത്തും വിപ്ലവ ഖ്യാതി നേടുന്നതിലൊരു ദുഷ്ടലാക്കുണ്ട്. എ. കെ.ജി സെന്ററിലെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ഏതെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുകമറ സൃഷ്ടിക്കുന്നത് തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിന് കഴിയും.

Published

on

കെ.പി.എ മജീദ്‌

അച്യുതമേനോന്‍ സര്‍ക്കാറിന്റെ ഒരു പതിറ്റാണ്ടിന്റെ അടയാളപ്പെടുത്തലാണ് വിദ്യാഭ്യാസ-ആരോഗ്യരംഗത്തെ കേരള മോഡല്‍. 1980 ന് മുമ്പ്തന്നെ കൊച്ചു മലയാളക്കരയെ അങ്ങനെ രേഖപ്പെടുത്തുമ്പോള്‍ ആ സര്‍ക്കാറിന്റെ ഭാഗമായിരുന്ന മുസ്‌ലിംലീഗിന്റെകൂടി നേട്ടമാണത്. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ ആധികാരികമായി ഇതിനെ ബ്രാന്റു ചെയ്യുമ്പോള്‍ എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് നടന്നടുത്തതെന്നും എന്തുകൊണ്ട് ആ ഗതിവേഗം പിന്നീട് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വ്യാപിപ്പിക്കാനായില്ലെന്നുമുള്ള ചോദ്യം ബാക്കിയാണ്. രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പഞ്ചവല്‍സര ഇടപെടല്‍ ആരോഗ്യരംഗത്തെ തുടര്‍ച്ചയുടെ ചെറു ചലനം സാധ്യമാക്കിയെന്നത് ശരിവെക്കുമ്പോഴും അര വ്യാഴവട്ടമായി കേരളം എന്തുകൊണ്ട് പിന്നാക്കം പോകുന്നുവെന്ന ചര്‍ച്ചക്കും പ്രസക്തിയുണ്ട്.

വിദ്യാഭ്യസരംഗത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സ്ഥിതിക്ക് കേരള മോഡലിന്റെ കണക്കും കുതിപ്പും കിതപ്പുംകൂടി പരിശോധിക്കപ്പെടേണ്ടതാണ്. എല്ലാ കുട്ടികള്‍ക്കും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉളവാകുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസക്രമം പ്രാപ്യമാക്കാന്‍ പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള വിദ്യാഭ്യാസത്തെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2017 ഒക്‌ടോബര്‍ 10നാണ് ഖാദര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. 2019 ജനുവരിയില്‍ ആദ്യ ഘട്ടവും ഇപ്പോള്‍ രണ്ടാം ഘട്ടവുമായി പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. ഇതിനെ കൊള്ളാനും തള്ളാനും സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ട്. അതുകൊണ്ട്തന്നെ സമൂഹത്തിനെയാകെ ബാധിക്കുന്നൊരു സുപ്രധാന വിഷയമായി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് മാറിക്കഴിഞ്ഞു. ഇതില്‍ ആശങ്ക ഉയര്‍ത്തുന്ന പല നിര്‍ദേശങ്ങളുമുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നു വരെയാക്കണമെന്നും തുടര്‍ന്ന് നാലു മണി വരെ പാഠ്യേതര പഠനം നടപ്പാക്കണമെന്നുമുള്ള കമ്മിറ്റിയുടെ ശുപാര്‍ശ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നാണ് പ്രധാന ആക്ഷേപം. 2007ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) സമയമാറ്റം മുന്നോട്ടുവെച്ചപ്പോള്‍ തന്നെ അതിന്റെ അപ്രായോഗികത വ്യക്തമാക്കപ്പെട്ടതാണ്. വലിയ പ്രതിഷേധത്തെ തുടര്‍ന്ന് അന്നുപേക്ഷിച്ച അതേ വാദഗതികളാണ് ഖാദര്‍കമ്മിറ്റി കോപ്പിയടിച്ചത്. കെ.സി.എഫ് 2007 ചട്ടക്കൂടില്‍ പറയുന്നത്, പഠനം രാവിലെ ആരംഭിക്കുന്നതാണ് ഉചിതം. രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും ഉചിതമാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട് (പേജ് 100) എന്നാണ്. ഇതുതന്നെയാണ് ശാസ്ത്രീയ പിന്‍ബലവുമില്ലാതെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പതിനെട്ടാം പേജില്‍ 33-ാമതായി പറയുന്നത്: ‘കുട്ടികള്‍ക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകള്‍ക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങിനെയെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാകും…’ എന്നാല്‍, ഏറെ പഠന ഗവേഷണങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ (എന്‍.സിഎഫ്) പറയുന്നതിന് നേര്‍വിപരീതമാണ് മേല്‍ പറഞ്ഞ രണ്ടു നിരീക്ഷണങ്ങളും: ‘സ്‌കൂള്‍ സമയം ഒരു വിശേഷ വിഭവമാണ്, അയവുള്ള രീതിയില്‍ അത് ഉപയോഗിക്കണം, സ്‌കൂള്‍ പ്രവര്‍ത്തന കലണ്ടറും സ്‌കൂള്‍ സമയവും പ്രാദേശികമായി നിശ്ചയിക്കാം, വിദ്യാലയ പ്രവൃത്തിദിവസത്തിന്റെ സമയ ക്രമം സ്‌കൂള്‍ തലത്തില്‍ ഗ്രാമപഞ്ചായത്തുകളുമായി ചര്‍ച്ച ചെയ്തു നിര്‍ണയിക്കാം, അപ്പോള്‍ സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക് എത്ര ദൂരം യാത്ര ചെയ്യേണ്ടിവരുമെന്ന കാര്യംകൂടി പരിഗണിക്കണം, ഇതുവഴി മാത്രമെ വിദ്യാലയത്തില്‍ കുട്ടിയുടെ പങ്കാളിത്തം ഉറപ്പ്‌വരുത്താനാകൂ’ എന്നും എന്‍. സി.എഫ് 2005 വ്യക്തമാക്കുന്നു. എന്നിട്ടും മുമ്പ് മത പഠന സംരക്ഷണ പ്രതിഷേധത്തെതുടര്‍ന്ന് ഉപേക്ഷിച്ച പഴയ സമയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുമതി ചെയ്യുകയാണ്.

ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കിയത് ക്രിസ്തീയ വിഭാഗത്തിന്റെ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ച, ഞായര്‍ അവധിക്ക് ശേഷം ചൊവ്വയും ബുധനും പൂജാ അവധി വരുന്നത് കണക്കിലെടുത്ത് തിങ്കളാഴ്ച പൊതു അവധി വേണമെന്ന ഹിന്ദു മുന്നണിയുടെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ ഞായറിലെ ബലിപെരുന്നാളിന് പിറ്റേന്ന് ഒരു ദിനമെങ്കിലും അവധി നല്‍കണമെന്ന എം.എല്‍.എമാരുടെയും മുസ്‌ലിം സംഘടനകളുടെയും ആവശ്യത്തോട് മുഖം തിരിച്ചതും സമീപകാല ഉദാഹരണങ്ങളാണ്. സ്‌കൂള്‍ സമയ മാറ്റം മതാധ്യാപനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന സമസ്ത ഉള്‍പ്പെടെയുള്ളവരുടെ ആരോപണം ഗൗരവം അര്‍ഹിക്കുന്നതാണ്. ലക്ഷത്തിലേറെ മദ്രസാ അധ്യാപകരുടെ ജോലി, പത്തു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ ധാര്‍മിക പഠനം തടസ്സപ്പെടല്‍ എന്നിവ തള്ളിക്കളയേണ്ടതായി ചിലര്‍ക്ക് തോന്നാം. എന്നാല്‍, നൂറ്റാണ്ടുകളായി മത പഠനം വ്യവസ്ഥാപിതമായി നടക്കുന്നതും മതപാഠശാലകള്‍ അപ്‌ഗ്രേഡ് ചെയ്ത് ഒട്ടേറെ പള്ളിക്കൂടങ്ങള്‍ ഉയര്‍ന്നുവന്നതുമായ നാട്ടില്‍ മുസ്‌ലിം വിരോധത്തിന്റെ പേരില്‍ എടുത്ത് ചാടുമ്പോള്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഒരു വിഭാഗത്തെ പുറംതള്ളുക എന്ന ലക്ഷ്യം ഉണ്ടെന്ന ആരോപണം നിസ്സാരമല്ല.

പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അവഗണിച്ച്, ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെക്കുമ്പോള്‍ അതു കേരള മോഡലിന്റെ കടക്കല്‍ കത്തിവെക്കലാണെന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യപ്പെടും. എട്ടു മണിക്ക് സ്‌കൂളിലെത്താന്‍ എത്ര മണിക്ക് കുട്ടികളും രക്ഷിതാക്കളും വീട്ടില്‍നിന്ന് പുറപ്പെടേണ്ടിവരേണ്ടിവരുമെന്നതോ അതിനുള്ള ഭൗതിക സൗകര്യം നിലവില്‍ കേരളത്തിലില്ലെന്നതോ അവിതര്‍ക്കിതമാണ്. മലയോര മേഖലകളിലുള്ളവര്‍, ഉള്‍നാടന്‍ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലുമുള്ളവര്‍ തുടങ്ങിയവരെ അപ്പാടെ പുറംതള്ളുമ്പോള്‍ സമഗ്രമായി വിദ്യാഭ്യാസം നല്‍കി കേരളം ആര്‍ജ്ജിച്ച മോഡലാണ് റദ്ദാക്കപ്പെടുക. കുട്ടികളുടെ കൊഴിഞ്ഞു പോക്കിന്റെ തോതും ഇതു വര്‍ധിപ്പിക്കുമെന്നത് വസ്തുതയാണ്.

ഒരു സ്‌കൂളിലെ പരമാവധി കുട്ടികള്‍ ലോവര്‍ പ്രൈമറിയില്‍ 250 ഉം യു.പിയില്‍ 300 ഉം ഹൈസ്‌കൂളില്‍ 500 ഉം ഹയര്‍ സെക്കന്ററിയില്‍ 450 ഉം മാത്രമേ പാടുള്ളൂവെന്ന നിര്‍ദേശം ഒരു വിഭാഗത്തെ പ്രാന്തവത്കരിക്കുമെന്ന് ഉറപ്പാണ്. ദക്ഷിണ കേരളത്തിലെയും മലബാറിലെയും പ്ലസ്‌വണ്‍, കോളജ് പഠന സൗകര്യ അന്തരം ഇപ്പോള്‍ തന്നെ കാണുന്നതാണ്. സ്ഥല പരിമിതിയും ക്ലാസിലെ വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതലും കൊണ്ട് മലബാര്‍ വിദ്യാഭ്യസ മേഖല കഷ്ടപ്പെടുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. പുതിയ പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ പഠനം പൗരാവകാശമാക്കിയ നാട്ടില്‍ സ്‌കൂളുകളില്ലാതെ കുട്ടികള്‍ വീട്ടിലിരിക്കേണ്ടി വരുമോയെന്നെങ്കിലും പ്രാഥമികമായി കമ്മിറ്റി പരിശോധിക്കേണ്ടതായിരുന്നു. അധ്യാപകരിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അതിലും വലുതാണ്. രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് രാവിലെ എട്ടു മുതല്‍ ഒന്നുവരെ പാഠങ്ങള്‍ പഠിപ്പിക്കലും തുടര്‍ന്ന് വൈകിട്ട് നാലുവരെ പാഠ്യതര വിഷയങ്ങള്‍ പഠിപ്പിക്കലുമായി രണ്ടു മണിക്കൂര്‍ അധിക ജോലി ചെയ്യിക്കുന്ന നിര്‍ദേശം അത്ര നിസ്സാരമല്ല. രാജ്യത്തെ നിയമവ്യവസ്ഥയും ജോലി ചെയ്യിക്കേണ്ട സമയവുമെല്ലാം നിശ്ചയിക്കപ്പെട്ടിട്ടുള്ള നാടാണിത്. എയ്ഡഡ് അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. മാനേജ്‌മെന്റുകള്‍ക്കും സര്‍ക്കാറിനും ഇതില്‍ എത്രത്തോളം പങ്കാളിത്തമുണ്ടാവുമെന്ന് വ്യക്തമല്ല. എന്നാല്‍, വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളില്‍ മാത്രമേ മാനേജര്‍ നിയമനം നടത്താന്‍ പാടുള്ളൂവെന്ന കമീഷന്റെ നിര്‍ദേശം ആശയക്കുഴപ്പം വര്‍ധിപ്പിക്കാനും നിയമ യുദ്ധത്തിനുമെല്ലാം വഴിവെക്കും.

കഴിഞ്ഞ മൂന്ന് എല്‍.ഡി.എഫ് മന്ത്രിസഭാ കാലത്തും സ്‌കൂള്‍ സമയമാറ്റ ശ്രമം നടക്കുകയും പ്രതിഷേധത്തെതുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തതാണ്. അതുകൊണ്ട് പ്രത്യേകിച്ചൊരു നഷ്ടവും കേരള വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചില്ലെന്നതുമാത്രം മതി സമയം തെറ്റിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നെല്ലും പതിരും തിരിച്ചറിയാന്‍. അടിസ്ഥാന വിഭാഗത്തെ ഉള്‍കൊള്ളുന്നതും തീര്‍ച്ചയായും അവര്‍ പരിഗണിക്കപ്പെടുന്നതുമായ വിദ്യാഭ്യാസ നയമാണ് നടപ്പാക്കേണ്ടത്. ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ആകര്‍ഷിക്കുന്നതും അവരെ ഉദ്ധരിക്കുന്നതുമായ നയസമീപനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് കേരള മോഡല്‍. യൂണിവേഴ്‌സിറ്റികളില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ന്യൂനപക്ഷത്തിന്റെ സാംസ്‌കാരിക അടിത്തറ തകര്‍ത്തും വിപ്ലവ ഖ്യാതി നേടുന്നതിലൊരു ദുഷ്ടലാക്കുണ്ട്. എ. കെ.ജി സെന്ററിലെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ഏതെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുകമറ സൃഷ്ടിക്കുന്നത് തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിന് കഴിയും.

Continue Reading

columns

അവര്‍ ഇനിയെത്ര സമരം ചെയ്യണം- എഡിറ്റോറിയല്‍

കാസര്‍കോട്ട് വേണ്ടത്ര ചികിത്സാസൗകര്യമില്ലാത്ത അവസ്ഥയാണ് നിലവില്‍. ഉക്കിനടുക്ക എന്ന വിദൂര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഒരു സൗകര്യവുമില്ല. പരിശോധന നടത്തണമെങ്കില്‍ 100 കിലോ മീറ്ററിലധികം ദൂരമുള്ള കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളജിലെത്തണം. എന്‍ഡോസള്‍ഫാന്‍ ഇരകളെ ഇനിയെങ്കിലും സര്‍ക്കാര്‍ ഗൗനിക്കണം. ഇനിയുമൊരു സമരത്തിലേക്ക് അവരെ വലിച്ചിഴയ്ക്കരുത്.

Published

on

ആരോഗ്യത്തോടെ ജീവിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. ഭരണഘടനയുടെ ഹൃദയം എന്ന് പറയാവുന്ന 21ാം വകുപ്പനുസരിച്ച് പൗരാവകാശമാണിത്. രാജ്യത്തെ പരമോന്നത കോടതി ഇത് പലവട്ടം വ്യക്തമാക്കിയതുമാണ്. സൗജന്യമായോ മിതമായ നിരക്കിലോ ചികിത്സ കിട്ടുകയെന്നതും ഈ പൗരാവകാശത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ സര്‍ക്കാര്‍ വരുത്തിവെച്ച ദുരിതത്തില്‍ ഇന്നും സംസ്ഥാനത്തെ ഒരു വിഭാഗം ജനത കഷ്ടപ്പെടുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളാണ് സര്‍ക്കാറിന്റെ അവഗണനയില്‍ ദുരിത ജീവിതം നയിക്കുന്നത്. ദുരിതത്തിനിരയായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതെങ്കിലും ഒന്നില്‍ വിദഗ്ധ ചികിത്സാസൗകര്യമൊരുക്കുക, ഇരകളായ മുഴുവന്‍ ആളുകളെയും കണ്ടെത്തുന്നതിനായി പുതിയ മെഡിക്കല്‍ ക്യാമ്പ് നടത്തുക, കാസര്‍കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് നഗര പ്രദേശങ്ങളില്‍ പുനരധിവാസ കേന്ദ്രം പകല്‍ വീടുകള്‍ ആരംഭിക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പെടുത്തുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെകൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ ദുരിത ജീവിതത്തെക്കുറിച്ച് പല തവണ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. നിരന്തര സമരങ്ങളിലൂടെ നേടിയെടുത്ത തുഛമായ അവകാശങ്ങള്‍ പോലും പ്രായോഗികമായി ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ചികിത്സയ്ക്ക് വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് നാണക്കേടാണ്. ദുരിത ബാധിതര്‍ക്ക് കടലാസില്‍ എല്ലാ ചികിത്സാസൗകര്യങ്ങളുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 16 ആശുപത്രികളില്‍ സൗജന്യ ചികിത്സ, മാസം തോറും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വീടുകളില്‍ ചെന്ന് നടത്തുന്ന പരിശോധന എല്ലാമുണ്ട്. സര്‍ക്കാറിന്റെ പി.ആര്‍ വര്‍ക്കിലും ഇതെല്ലാം കാണാം. എന്നാല്‍ ആവശ്യമായ ചികിത്സക്ക് സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും കയറിയിറങ്ങി അപമാനിതരാകുന്ന അവസ്ഥയിലാണ് ഇന്ന് ദുരിതബാധിതര്‍. ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ വിക്ടിം റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളായി. മന്ത്രി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സെല്‍ പുനസ്സംഘടിപ്പിട്ടില്ല. പരാതികളും പരിഭവങ്ങളും പറയാനിടമില്ലാതെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരകള്‍കൂടിയായി മാറിയിരിക്കുകയാണ് ദുരിത ബാധിതര്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദുരിത ബാധിതരെ കണ്ടെത്താനായി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. കാസര്‍കോട് ജില്ലയില്‍ മാത്രം മുപ്പതിനായിരത്തോളം ഇരകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ ഇതില്‍ പകുതി പേര്‍ക്കും യാതൊരു സഹായവും ലഭിക്കുന്നില്ല. പുതിയ ഇരകളെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയേ മതിയാകൂ. പക്ഷേ സര്‍ക്കാര്‍ അതിന് തയാറാകുന്നില്ല. രണ്ടായിരത്തോളം പേര്‍ ഇതിനകം മരിച്ചുപോയി. സാമൂഹിക സുരക്ഷാ മിഷനു കീഴില്‍ സ്‌നേഹ സാന്ത്വനം പദ്ധതിയില്‍ വിവിധ വിഭാഗങ്ങളിലായി 1200 രൂപ മുതല്‍ 2200 രൂപ വരെയാണു സഹായധനമായി നല്‍കുന്നത്. ഇതുതന്നെ പലര്‍ക്കും നിഷേധിക്കപ്പെടുകയാണ്. കിട്ടുന്നവര്‍ക്കുതന്നെ കൃത്യമായി കിട്ടാത്ത സാഹചര്യവുമുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇത് അനുഭവിച്ചതാണ്. ദുരിതബാധിതര്‍ സമരത്തിനൊരുങ്ങിയപ്പോഴാണ് ഉത്രാടത്തിന്റെ തലേന്നു മന്ത്രി ഫണ്ട് അനുവദിച്ച് ഉത്തരവിറക്കിയത്. കുറച്ചുപേര്‍ക്ക് 6നു രാത്രി 10.30നു പണം കിട്ടി. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് ഓണം കഴിഞ്ഞിട്ടും കിട്ടിയില്ല. വീടില്ലാത്ത ദുരിത ബാധിതര്‍ വീട്ടു വാടക പോലും കൊടുക്കാന്‍ ഗതിയില്ലാതെ അലയുമ്പോഴും സന്നദ്ധ സംഘടന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 62 ഓളം വീടുകള്‍ മൂന്ന് വര്‍ഷമായി കാടുമൂടിക്കിടക്കുകയാണ്. അത് പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല. ദുരിതബാധിതരുടെ കടം എഴുതിത്തള്ളുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതില്‍ 1500 ആളുകളുടെ അപേക്ഷ സാങ്കേതിക കാരണത്താല്‍ തള്ളിപ്പോയിരുന്നു. കടം എഴുതിത്തള്ളുമെന്നതിനാല്‍ ഇവര്‍ വായ്പ തിരിച്ചടച്ചിരുന്നില്ല. എന്നാല്‍ ഇവരിപ്പോള്‍ ജപ്തി ഭീഷണിയിലാണ്.

കാസര്‍കോട്ട് വേണ്ടത്ര ചികിത്സാസൗകര്യമില്ലാത്ത അവസ്ഥയാണ് നിലവില്‍. ഉക്കിനടുക്ക എന്ന വിദൂര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഒരു സൗകര്യവുമില്ല. പരിശോധന നടത്തണമെങ്കില്‍ 100 കിലോ മീറ്ററിലധികം ദൂരമുള്ള കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളജിലെത്തണം. എന്‍ഡോസള്‍ഫാന്‍ ഇരകളെ ഇനിയെങ്കിലും സര്‍ക്കാര്‍ ഗൗനിക്കണം. ഇനിയുമൊരു സമരത്തിലേക്ക് അവരെ വലിച്ചിഴയ്ക്കരുത്.

Continue Reading

Trending