പണം നല്‍കിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍. പുതുച്ചേരി സ്വദേശിയായ സത്യാനന്ദത്തെയാണ് പൊലീസ് പിടികൂടിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സത്യാനന്ദം ‘ആരെങ്കിലും അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ കൊല്ലാന്‍ തയ്യാര്‍’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് പൊലീസ് പറഞ്ഞു. ഒരു കാര്‍ ഡ്രൈവര്‍ ഈ സന്ദേശം കണ്ട് തങ്ങളെ അറിയിക്കുകയായിരുന്നെന്നും എഫ്ബി അക്കൗണ്ട് ട്രേസ് ചെയ്താണ് സത്യാനന്ദെത്തെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പ്രതികരിച്ചു.

വ്യാഴാഴ്ച്ചയാണ് ആര്യന്‍കുപ്പം ഗ്രാമവാസിയായ 43കാരനെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ സത്യാനന്ദത്തെ റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 505 (1), 505 (2) എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുക, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ദുരുദ്ദേശപരമായി ശത്രുതയും വിദ്വേഷവും പരത്താന്‍ ശ്രമിക്കുക എന്നിവയുള്‍പ്പെടുന്നതാണ് കുറ്റങ്ങള്‍.