പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് പാരീസ് സെന്റ് ജെര്‍മെയ്ന്‍ തോറ്റതോടെ പിഎസ്ജി ആരാധകര്‍ പാരീസില്‍ കാറുകള്‍ കത്തിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. 140 ലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ബിഗ് സ്‌ക്രീനില്‍ കളികാണാനായി പാരീസിലെ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ ഒത്തുകൂടിയ ആരാധകരാണ് പൊലീസുമായി ഏറ്റുമുട്ടിയത്. പൊലീസുമായി ഏറ്റുമുട്ടിയതിന് പിന്നാലെയായിരുന്നു സംഭവ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് ആരാധകര്‍ തീയിട്ടത്.

ഗ്രൂപ്പ് ഘട്ടം മുതല്‍ മികച്ച പ്രകടനം നടത്തിയായിരുന്നു പിഎസ്ജി ഫൈനലിലെത്തിയത്. ആദ്യമായിട്ടാണ് പിഎസ്ജി ചാമ്പ്യന്‍ ലീഗ് ഫൈനലിലെത്തിയത്. ലിസ്ബണില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണ്‍ പിഎസ്ജിയെ തോല്‍പ്പിച്ചത്.